കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ചാവേറാക്രമണത്തിൽ മരണസംഖ്യ 53 ആയി. 46 പെൺകുട്ടികളക്കം കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് ഐക്യരാഷ്ട്ര സഭ തിങ്കളാഴ്ച അറിയിച്ചു. സർവകലാശാലാ പ്രവേശന പരീക്ഷ നടന്ന ഹാളിലാണ് ചാവേറാക്രമണം ഉണ്ടായത്. സ്ഫോടക വസ്തു ധരിച്ചെത്തിയ അക്രമി നൂറിലധികം വിദ്യാർഥികൾക്കിടയിൽ പൊട്ടിത്തെറിക്കുകയായിരുന്നു. അഫ്ഗാനിലെ ന്യൂനപക്ഷമായ ഷിയ വിഭാഗത്തിലെ ഹസാര സമുദായത്തിനു ഭൂരിപക്ഷമുള്ള മേഖലയിലെ കാജ് ഹയർ എജ്യുക്കേഷൻ സെൻ്ററിൽ വെള്ളിയാഴ്ചയായിരുന്നു ആക്രമണം ഉണ്ടായത്. ആദ്യഘട്ടത്തിൽ 43 പേരായിരുന്നു കൊല്ലപ്പെട്ടത്. ഇതു പിന്നീട് 53 ലേക്ക് ഉയരുകയായിരുന്നു. 110 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഭീകരസംഘടനയായ ഐഎസ് പെൺകുട്ടികളെയും സ്കൂളുകളെയും മോസ്ക്കുകളെയും ലക്ഷ്യമാക്കി മുമ്പ് ഈ മേഖലയിൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ചാവേറാക്രമണത്തിനു പിന്നാലെ കാബൂളിലും മറ്റു നഗരങ്ങളിലും സ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്. 'ഹസാര വംശഹത്യ നിർത്തൂ, ഷിയാ ആകുന്നത് കുറ്റമല്ല' എന്നതടക്കുള്ള മുദ്രാവാക്യം ഉയർത്തിയാണ് ആക്രമണം നടന്ന സ്ഥലത്തേക്ക് സ്ത്രീകൾ പ്രതിഷേധിച്ച് എത്തിയത്. തുടർന്ന് ഇടപെട്ട താലിബാൻ സേന ആകാശത്തേക്ക് നിറയൊഴിച്ചും മർദിച്ചും ആൾക്കൂട്ടത്തെ പിരിച്ചുവിട്ടു. അതിനിടെ, തിങ്കളാഴ്ച കാബൂളിൻ്റെ പടിഞ്ഞാറൻ ഭാഗത്തും ആക്രമണം ഉണ്ടായി. ഹസാര സമുദായം കൂടുതലായും താമസിക്കുന്ന ഷഹീദ് റോഡിനു സമീപത്തുള്ള പുൽ-ഇ-സുഖ്ത മേഖലയിലാണ് വീണ്ടും ആക്രമണം ഉണ്ടായത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കാബൂൾ ചാവേറാക്രമണം: മരണം 53 ആയി, കൊല്ലപ്പെട്ടവരിൽ 46 പെൺകുട്ടികളും
jibin
0
Tags
Top Stories