ചാള്‍സ് രാജാവിന്റെ കിരീടധാരണം മേയ് ആറ് ശനിയാഴ്ച നടക്കുമെന്ന് ബക്കിംഗ്ഹാം പാലസ് പ്രഖ്യാപനം; മേയ് ഒന്നിലെ ബാങ്ക് ഹോളിഡേ എട്ടിലേക്ക് മാറ്റണമെന്ന് മുറവിളി; ബ്രിട്ടനെ കാത്തിരിക്കുന്നത് ഒരാഴ്ച നീണ്ട വര്‍ണാഭമായ ആഘോഷങ്ങള്‍


യു.കെ.: അടുത്ത വര്‍ഷം മേയ് ആറ് ശനിയാഴ്ച ചാള്‍സ് മൂന്നാമന്‍ രാജാവ്, രാജ്ഞി കാമിലയ്‌ക്കൊപ്പം സ്ഥാനാരോഹണം നടത്തുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം ഔദ്യോഗികമായി അറിയിച്ചു. ഇന്നലെ അറിയിപ്പ് വന്നതോടെ മേയ് ആദ്യമുള്ള ബാങ്ക് ഹോളിഡേ കിരീടധാരണവുമായി ബന്ധപ്പെടുത്തി മേയ് എട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചില എം പിമാര്‍ രംഗത്തെത്തി. ലളിതമായ ചടങ്ങുകളോടെ ആയിരിക്കും കിരീടധാരണമെങ്കിലും, ജീവിതച്ചെലവ് വര്‍ദ്ധന ജനങ്ങളെ വലച്ച ഒരു ശൈത്യകാലത്തിനു ശേഷം വരുന്ന പരിപാടി ഒരു ഉത്സമാക്കുവാന്‍ തന്നെയാണ് രാജകുടുംബത്തിന്റെ തീരുമാനം. 

അതിനിടയിലാണ് കിരീട ധാരണത്തിന്റെ ഭാഗമായി മേയ് 1 നുള്ള ബാങ്ക് ഹോളിഡേ മേയ് 8 തിങ്കളാഴ്ച്ചയിലേക്ക് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ദൈര്‍ഘ്യമേറിയ ഒരു വാരാന്ത്യം ലഭിക്കുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് രാജ്യ ചരിത്രത്തിലെ മറ്റൊരു അസുലഭ നിമിഷമാണെന്നും., അത് എന്നെന്നും ഓര്‍മ്മിക്കത്തക്കതാക്കാന്‍ ദൈര്‍ഘ്യമേറിയ വാരാന്ത്യം സഹായിക്കും എന്നുമാണ് കാബിനറ്റ് മന്ത്രി ഡേവിഡ് ജോണ്‍സ് പറഞ്ഞത്. പുതിയ യുഗത്തിലേക്കുള്ള കാല്‍വെയ്പ്പിനെ ശക്തിപ്പെടുത്താന്‍ ഒരു ബാങ്ക് ഹോളിഡേ സഹായിക്കുമെന്ന് മറ്റൊരു ടോറി മന്ത്രിയായ തോബിയാസ് എല്‍വുഡും പറയുന്നു. 

ബ്രിട്ടന് സ്വതന്ത്രമായ ഒരു പാര്‍ലമെന്റും അതേസമയം, രാജകുടുംബവുമായി ബന്ധപ്പെട്ട് അനന്യസാധാരണങ്ങളായ സമ്പ്രദായങ്ങളും ഉണ്ട്. അതുകൊണ്ടു തന്നെ കിരീടധാരണം നടക്കുന്ന വാരാന്ത്യത്തിലേക്ക് ഒഴിവു ദിനം മാറ്റണമെന്ന് ലേബര്‍ നേതാവ് ഖാലിദ് മഹ്‌മൂദും ആവശ്യപ്പെട്ടു. എന്നാല്‍, ഒരുപടി കൂടി കടന്ന്, സാധാരണ ബാങ്ക് ഹോളിഡേക്ക് പുറമേ കിരീടധാരണവുമായി ബന്ധപ്പെട്ട് ഒരു അധിക ബാങ്ക് ഹോളിഡെ കൂടി പ്രഖ്യാപിക്കണം എന്നായിരുന്നു ടോറി എം പി മൈക്കല്‍ ഫാബ്രിക്കന്റ് ആവശ്യപ്പെട്ടത്. 

കിരീടധാരണവുമായി ബന്ധപ്പെട്ട് ബാങ്ക് ഹോളിഡെ പ്രഖ്യാപിക്കലോ, ആഡംബര പൂര്‍ണ്ണമായി കിരീട ധാരണം നടത്തലോ എല്ലാം സര്‍ക്കാരിന്റെ ചുമതലയിലുള്ള കാര്യങ്ങളാണ് എന്നായിരുന്നു രാജകുടുംബ വക്താവിന്റെ പ്രതികരണം. എന്നാല്‍, ഇത് സംബന്ധിച്ച് ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തിയത്. കായിക മത്സരങ്ങളുടെ തീയതികള്‍, അന്താരാഷ്ട്ര ഈവന്റുകള്‍, വാര്‍ഷികങ്ങള്‍ എന്നിവയൊക്കെ പരിഗണിച്ച് സര്‍ക്കാരുമായും, ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടുമായും രാജകുടുംബാംഗങ്ങളുമായും ചര്‍ച്ച ചെയ്തിട്ടാണ് കിരീടധാരണത്തിനുള്ള സമയവും തീയതിയും നിശ്ചയിച്ചിരിക്കുന്നത്. 

എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം നടന്ന ജൂണ്‍ 2 നോട് അടുത്ത ഒരു തീയതിയിലായിരിക്കും ചാള്‍സ് മൂന്നാമന്റെ കിരീടധാരണവും നടക്കുക എന്ന് നേരത്തേ ഒരു വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, മേയ് മാസത്തിലെ കാലാവസ്ഥ, ജൂണിലേതിനേക്കാള്‍ നല്ലതായിരിക്കും എന്നതിനാലാണ് മേയ് മാസം തന്നെ തിരഞ്ഞെടുത്തത്. അതേസമയം മേയ് 6 ഹാരിയുടെയും മേഗന്റെയും പുത്രന്‍ ആര്‍ച്ചിയുടെ ജന്മദിനം കൂടിയാണ്. അന്ന് ആര്‍ച്ചിക്ക് നാല് വയസ്സ് തികയും. 

കിരീടധാരണത്തിനുള്ള അതിഥികളുടെ പട്ടിക ഇനിയും തയ്യാറാക്കാത്തതിനാല്‍ ഹാരിയേയും മേഗനേയും ക്ഷണിക്കുമോ എന്ന കാര്യത്തില്‍ ഒരു വ്യക്തത കൈവന്നിട്ടില്ല. 1953 ല്‍ നടന്ന എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം ആഡംബരങ്ങള്‍ നിറഞ്ഞ ഒരു ചടങ്ങായിരുന്നെങ്കില്‍, പ്രതിസന്ധികള്‍ക്കിടയില്‍ വരുന്ന ചള്‍സിന്റേത് താരതമ്യേന ലളിതമായ ചടങ്ങായിരിക്കും എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏള്‍ മാര്‍ഷല്‍ എന്നനിലയില്‍ എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്ന ഡ്യുക്ക് ഓഫ് നോര്‍ഫോക്ക് ലളിതവും എന്നാല്‍ വൈവിധ്യമാര്‍ന്നതുമായ പരിപാടികളായിരിക്കും സംഘടിപ്പിക്കുക എന്ന് കൊട്ടാരം വൃത്തങ്ങള്‍ അറിയിക്കുന്നു.

Previous Post Next Post