ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചു; പോലീസ്‌ സ്റ്റേഷനിലെത്തിയപ്പോള്‍ തര്‍ക്കം, കൈഞരമ്പ് മുറിച്ച് യുവാവ്


കോഴിക്കോട്: കാണാതായ യുവതിക്കൊപ്പം പോലീസ് സ്‌റ്റേഷനില്‍ ഹാജരായ യുവാവ് കൈയിലെ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. കോഴിക്കോട് സിറ്റി വനിതാ പോലീസ് സ്റ്റേഷനില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിനിയായ 26 കാരിക്കൊപ്പം എത്തിയ നിലമ്പൂര്‍ സ്വദേശിയായ 24 കാരനാണ് സ്റ്റേഷന് പുറത്തുവെച്ചു ബ്ലേഡ് കൊണ്ട് സ്വന്തം കൈഞരമ്പ് മുറിച്ചത്. വിവാഹിതയും അഞ്ചുവയസുള്ള കുട്ടിയുടെ മാതാവുമായ യുവതിയെ വ്യാഴാച്ച മുതല്‍ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ തിരുവനന്തപുരം പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇരുവരും കോഴിക്കോട് വനിതാ സ്റ്റേഷനില്‍ എത്തിയത്. ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചെന്നു അറിയിച്ചുകൊണ്ടാണ് എത്തിയതെങ്കിലും ഇവിടെ വെച്ചു ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തിരുവനന്തപുരത്ത് കേസ് ഉള്ളതിനാല്‍ യുവതിയെ കസ്റ്റഡിയില്‍ വെക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് വാക്കുതര്‍ക്കമുണ്ടായത്. യുവാവിനൊപ്പം മലപ്പുറത്തെ വീട്ടിലേക്കു പോകുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. തുടര്‍ന്ന് താന്‍ ഇയാള്‍ക്കൊപ്പം പോകുന്നില്ലെന്ന് യുവതി പോലീസിനെ അറിയിച്ചു. ഇതോടെയാണ് യുവാവ് പുറത്തുപോയി കടയില്‍ നിന്ന് ബ്ലേഡ് വാങ്ങി വന്നതും സ്‌റ്റേഷന്‍ വളപ്പില്‍ വെച്ച് ഞരമ്പ് മുറിച്ചതും. വനിതാ സ്റ്റേഷനില്‍ നിന്നു വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതുപ്രകാരം പോലീസെത്തി യുവാവിനെ ബീച്ച് ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇയാളുടെ പരിക്ക് ഗുരുതരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു നിന്ന് വനിതാ പോലീസ് എത്തിയാല്‍ യുവതിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കും. ജീവനൊടുക്കാന്‍ ശ്രമിച്ചതിന് യുവാവിനെതിരെ നിയമനടപടിയുണ്ടാകും. തമിഴ്‌ സിനിമയിലെ യുവനടൻ്റെ ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളായതോടെയാണ് യുവാവും യുവതിയും അടുപ്പത്തിലാകുന്നതെന്ന് പോലീസ് പറഞ്ഞു.

Previous Post Next Post