1986-ൽ 10-ാം ക്ലാസ് വിദ്യാർഥികൾ; 36 വർഷങ്ങൾക്ക് ശേഷം അവർ വിവാഹിതരായി!! അതും സഹപാഠികളുടെ മേൽനോട്ടത്തിൽക്ഷേത്രത്തിൽ വെച്ച് ...തന്റെ അമ്പതാം വയസ്സിൽ ഹരിദാസൻ സുമതിയ്ക്ക് താലി ചാർത്തി !


കോഴിക്കോട്: ഒടുവിൽ സുമതിയും ഹരിദാസും സമ്മതം മൂളി, നീണ്ട 36 വർഷങ്ങൾക്ക് ശേഷം അമ്പതാം വയസിൽ സഹപാഠികളുടെ സാന്നിധ്യത്തിൽ ഹരിദാസ് സുമതിക്ക് താലിചാർത്തി.

പന്നിത്തടം അരിക്കാട്ടിരി വീട്ടിൽ പരേതനായ വേലായുധന്റെ മകളായ എ.വി.സുമതിയും അകതിയൂർ കാഞ്ചിയത്ത് വീട്ടിൽ ശങ്കരനാരായണന്റെ മകനായ കലാമണ്ഡലം ഹരിദാസനുമാണ് ചൊവ്വാഴ്ച പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്. 1986-ൽ കുന്നംകുളം മരത്തൻകോട് സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളായിരുന്നു സുമതിയും ഹരിദാസനും.
ഏതാനും വർഷം മുമ്പ് സഹപാഠികൾ ഒത്തുചേർന്നപ്പോഴാണ് തങ്ങളുടെ കൂട്ടത്തിലുള്ള രണ്ടുപേർ മാത്രം ഇപ്പോഴും അവിവാഹിതരായി തുടരുന്ന കാര്യം മനസ്സിലാക്കുന്നത്. തുടർന്ന് കല്യാണ ആലോചനയായി. എന്നാൽ സുമതിക്കും ഹരിദാസനും വിസമ്മതിച്ചു. പിന്നേയും വർഷങ്ങൾ കടന്ന് പോയി. കോവിഡിന് ശേഷം കൂട്ടുകാർ ഒന്നിച്ചപ്പോൾ വീണ്ടും അവർക്കിടയിൽ കല്യാണക്കാര്യം ചർച്ചയായി. അന്ന് ക്ലാസ് ലീഡറായിരുന്ന സതീശൻ മരത്തംകോട് ഇരുവരോടും വീണ്ടും സംസാരിച്ചു. ഇതിനിടയിൽ വീട്ടുകാരും പിന്തുണച്ചതോടെ വിവാഹം കഴിക്കാൻ സുമതിയും ഹരിദാസനും സമ്മതം മൂളി.
ചിറമനങ്ങാട് കുന്നമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ വെച്ച് തന്റെ അമ്പതാം വയസ്സിൽ ഹരിദാസൻ സുമതിയ്ക്ക് താലി ചാർത്തി. കല്യാണ ഒരുക്കങ്ങൾക്ക് മുൻപന്തിയിൽ നിന്നത് സഹപാഠികളും.
പഠിക്കുന്ന കാലത്ത് രണ്ട് രാഷ്ട്രീയ ചേരികളിലായിരുന്നു സുമതിയും ഹരിദാസനും. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ സുമതി ഇപ്പോൾ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. മികച്ച തിമില വാദകനും പഞ്ചവാദ്യകലാകാരനുമായ ഹരിദാസ് കോൺഗ്രസ് പ്രവർത്തകനാണ്.
أحدث أقدم