കല്‍പറ്റ: അച്ഛന്റെ ചെറുപ്പകാലം മുതലുള്ള സുഹൃത്ത്, മുപ്പതുവര്‍ഷത്തോളമായി പരിചയം, ബിസിനസ് പങ്കാളി, കഴിഞ്ഞത് ഒരു കുടുംബത്തെ പോലെ... എന്നിട്ടും എന്തിനാണ് ഈ കുരുന്നിനെ കൊന്നുകളഞ്ഞതെന്നാണ് എല്ലാവര്‍ക്കും ചോദിക്കാനുള്ളത്. മേപ്പാടി നെടുമ്പാല പള്ളിക്കവലയില്‍ ജയപ്രകാശ്- അനില ദമ്പതിമാരുടെ മകനായ ആദിദേവാണ് (നാല്) മരിച്ചത്. തലേന്ന് കളിചിരികളുമായി നിറഞ്ഞുനിന്ന വീട്ടുമുറ്റം കൊച്ചുകിടക്കയില്‍ കിടത്തിയ ആദിയെയാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. അവസാനമായി ഒരുനോക്ക് കാണാന്‍ ഓടിക്കൂടിയ പ്രിയപ്പെട്ടവരുടെയെല്ലാം കണ്ണുകള്‍ നിറഞ്ഞു. അച്ഛന്റെ സുഹൃത്തിന്റെ ആക്രമണത്തില്‍ അമ്മ അനിലയ്ക്കും പുറത്തും ചുമലിലുമെല്ലാം വെട്ടേറ്റിരുന്നു. ആശുപത്രിയില്‍ നിന്നാണ് മകനെ അവസാനമായി ഒരുനോക്ക് കാണാന്‍ അവരെത്തിയത്. കണ്ണുതുടയ്ക്കാതെ ആര്‍ക്കും അവിടം വിടാനാവില്ല. പൂക്കളോടൊപ്പം ആദിയുടെ ശരീരത്തോട് അവനു കളിക്കാനായി കരുതിവെച്ച പായ്ക്കറ്റ് പൊട്ടിക്കാത്ത കളിപ്പാവകള്‍ ചേര്‍ത്തുവെച്ചിട്ടുണ്ടായിരുന്നു.
കൊലചെയ്ത ജിതേഷും ആദിയുടെ അച്ഛന്‍ ജയപ്രകാശും മുപ്പതു വര്‍ഷത്തോളമായി അടുത്ത സുഹൃത്തുക്കളാണെന്നാണ് കൂട്ടുകാര്‍ പറയുന്നത്. ആ സൗഹൃദമാണ് അവരെ ബിസിനസ് പങ്കാളികളാക്കിയത്. ഒരു കുടുംബത്തെ പോലെയാണ് കഴിഞ്ഞത്. ദിവസങ്ങള്‍ക്കു മുമ്പും ജയപ്രകാശും ജിതേഷും ഒരുമിച്ച് യാത്ര പോയിരുന്നെന്നും ഇവര്‍ പറയുന്നു. കൊവിഡ് കാരണം കച്ചവടം തകര്‍ന്നതോടെ ഇരുവര്‍ക്കും സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു.
ഇവരുടെ വീടിന്റെ നൂറുമീറ്റര്‍ അകലെയാണ് ജിതേഷിന്റെ വീട്. അവിടെ വഴിയരികില്‍ വെച്ചാണ് ആദിദേവും അനിലയും വെട്ടേറ്റു വീണത്. അങ്കണവാടിയിലേക്ക് മകനുമായി പോകുന്നതു കണ്ട ജിതേഷ് വീട്ടില്‍പ്പോയി വെട്ടുകത്തിയെടുത്തുവന്ന് പിറകില്‍ നിന്ന് വെട്ടുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ആദിദേവിന്റെ തല ഒറ്റവെട്ടിനു തന്നെ പിളര്‍ന്നെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറയുന്നത്.
ആ കുഞ്ഞുതലയില്‍ 32 തുന്നലുകള്‍ ഉണ്ടായിരുന്നു. വ്യാഴാഴ്ച ഗുരുതരാവസ്ഥയില്‍ ആയിരുന്നെങ്കിലും തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു. ജിതേഷ് മദ്യത്തിന് അടിമയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.