കത്ത് വിവാദം: തിരുവനന്തപുരം നഗരസഭയിൽ ഇന്ന് വൈകുന്നേരം 4ന് പ്രത്യേക കൗൺസിൽ യോഗം

 തിരുവനന്തപുരം : കത്ത് വിവാദം ചർച്ചചെയ്യാൻ തിരുവനന്തപുരം നഗരസഭയിൽ ഇന്ന് പ്രത്യേക കൗൺസിൽ യോഗം ചേരും. മേയർ ആര്യാ രാജേന്ദ്രനാണ് കൗൺസിൽ യോഗം വിളിച്ചിരിക്കുന്നത്. ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നൽകിയ കത്ത് പരിഗണിച്ചാണ് പ്രത്യേക കൗൺസിൽ വിളിച്ചത്. 

നവംബർ 22ന് യോഗം വിളിക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാൽ അതിന് രണ്ട് ദിവസം മുമ്പേ മേയർ പ്രത്യേക കൗൺസിൽ വിളിച്ചു. അതേസമയം പ്രത്യേക കൗൺസിൽ യോഗം നിയന്ത്രിക്കുന്നതിൽ നിന്ന് ആരോപണ വിധേയയായ മേയറെ വിലക്കണമെന്ന പ്രതിപക്ഷ ആവശ്യം സിപിഎം തള്ളി. ഈ സാഹചര്യത്തിൽ ഇന്ന് വൈകിട്ട് നാല് മണിക്ക് ചേരുന്ന പ്രത്യേക കൗൺസിൽ കലുഷിതമാകാൻ സാധ്യതയുണ്ട്.
കോർപറേഷനു കീഴിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ 295 ഒഴിവുകൾ നികത്തുന്നതിന് പാർട്ടി പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി ആര്യ രാജേന്ദ്രന് അയച്ച കത്താണു പുറത്തായത്.

 സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം പ്രാഥമികാന്വേഷണ റിപ്പോർട്ട് ഇന്നലെ ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകി. കത്തിന്റെ ശരിപകർപ്പ് കണ്ടെത്താൻ കഴിയാത്തിനാൽ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ശുപാർശ. ഇതുസംബന്ധിച്ച് ഡിജിപിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും. കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി അടുത്ത ആഴ്ച പരി​ഗണിക്കും. കത്തു തയാറാക്കിയത് താനല്ലെന്നും, അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മേയർ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു.
Previous Post Next Post