ലഹരി ബോധവൽക്കരണവും യാത്രാ വിവരണവുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞാടിയ മലയാളി യൂട്യൂബർ വിക്കി തഗ്ഗ് എംഡിഎംഎയും കള്ള തോക്കുമായി പിടിയിൽ.



ലഹരി ബോധവല്‍ക്കരണവും യാത്രാവിവരണവുമായി നവമാധ്യമങ്ങളില്‍ നിരവധി ആരാധകരെ സൃഷ്ടിച്ച പ്രമുഖ യൂട്യൂബര്‍ വിക്കി തഗ് എന്ന വിഘ്നേഷ് ചാരുംമൂട് മെത്താഫിറ്റമിനും തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി അറസ്റ്റില്‍. സുഹൃത്തിനൊപ്പം ബെംഗലൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ എക്സൈസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പാഞ്ഞ വാഹനം ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇരുപത് ഗ്രാം മെത്താഫിറ്റമിന്‍, തോക്ക്, വെട്ട് കത്തി എന്നിവ കാറില്‍ നിന്ന് കണ്ടെടുത്തു.
കുട്ടികൾക്ക് നൽകുന്ന മുന്നറിയിപ്പ് സ്വന്തം കാര്യത്തില്‍ വിക്കി മറന്നു. ലഹരിയില്ലാതെ ഒരുദിവസം പോലും കഴിയാനാകില്ലെന്ന് വിക്കി തന്നെ പല വേദികളില്‍ പറഞ്ഞിട്ടുണ്ട്. ഇതിന്റെ തെളിവാണ് വാളയാറില്‍ കണ്ടത്. വിക്കിയുടെ ലഹരിയുമായുള്ള വരവ് മനസിലാക്കിയ എക്സൈസ് ഇന്റലിജന്‍സ് വാഹനം കൈകാണിച്ചെങ്കിലും നിര്‍ത്താതെ പാഞ്ഞു. പാലക്കാട് എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് ചന്ദ്രനഗറിലിട്ട് വിക്കിയെയും സുഹൃത്തിനെയും പിടികൂടി. വാഹന പരിശോധനയിലാണ് ഗിയര്‍ ലിവറിനടിയില്‍ ഒളിപ്പിച്ച ഇരുപത് ഗ്രാം മെത്താഫിറ്റമിന്‍ കണ്ടെത്തിയത്.

കാറിന്റെ ഡാഷില്‍ ഒളിപ്പിച്ചിരുന്ന പോയിന്റ് റ്റു റ്റു റൈഫിളും വെട്ടുകത്തിയും കണ്ടെടുത്തു. നിയമവിദ്യാര്‍ഥിയും സുഹൃത്തുമായ കായംകുളം സ്വദേശി വിനീതാണ് വിക്കിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നത്. ബെംഗലൂരുവില്‍ നിന്ന് കൊച്ചിയിലേക്കായിരുന്നു ഇരുവരുടെയും യാത്ര. വ്യത്യസ്ത പ്രകടനങ്ങളുമായി യൂട്യൂബില്‍ ഏറെ ആരാധകരെ സൃഷ്ടിച്ച വിക്കിയെന്ന വിഘ്നേഷിനെ ഇന്‍സ്റ്റഗ്രാമില്‍ എട്ട് ലക്ഷത്തിലധികമാളുകള്‍ പിന്തുടരുന്നുണ്ട്. നിരവധി സ്ഥാപനങ്ങളുടെ മോഡലായും വിക്കി സജീവമാണ്. അരലക്ഷത്തിലധികം രൂപയാണ് സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് മാത്രം വിഘ്നേഷ് ഈടാക്കിയിരുന്നത്. നേരത്തെയും നിരവധി കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Previous Post Next Post