കേരളത്തിൽ നിന്ന് ഒരു ഗവർണർ കൂടി , കോട്ടയം സ്വദേശിയായ സി വി ആനന്ദബോസ് പശ്ചിമ ബംഗാള്‍ ഗവര്‍ണർ

 ന്യൂഡൽഹി: മലയാളിയായ സി വി ആനന്ദബോസ് പുതിയ പശ്ചിമബംഗാള്‍ ഗവര്‍ണര്‍. മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമാണ് സി വി ആനന്ദബോസ്. മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണറായിരിക്കേ, ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായി പോയ ഒഴിവിലാണ് സി വി ആനന്ദബോസിനെ ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചത്. നിലവില്‍ മണിപ്പൂര്‍ ഗവര്‍ണര്‍ എല്‍ ഗണേശിനാണ് ബംഗാളിന്റെ താത്ക്കാലിക ചുമതല.

2019ലാണ് ആനന്ദബോസ് ബിജെപിയില്‍ ചേര്‍ന്നത്. പാലക്കാട് കോട്ടമൈതാനത്ത് നടന്ന പൊതുസമ്മേളനത്തിനിടെ അന്നത്തെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്നാണ് ആനന്ദബോസ് ബിജെപി അംഗത്വം സ്വീകരിച്ചത്. 

കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ് ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി, കേന്ദ്രസര്‍ക്കാരില്‍ ഉന്നതപദവികള്‍, വൈസ് ചാന്‍സലര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാനുമായിരുന്നു.
Previous Post Next Post