കോട്ടയത്ത് പെട്രോൾ പമ്പിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്ത ജീവനക്കാരന് ക്രൂര മർദ്ദനം. ,സിസിടിവി ദൃശ്യമടക്കം തെളിവുണ്ടായിട്ടും രാഷ്ട്രീയ ഇടപെടൽ മൂലം പ്രതികൾക്കെതിരെ നിസാര വകുപ്പ് ചുമത്തി ജാമ്യം നൽകി


കോട്ടയം: പെട്രോൾ പമ്പിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്ത ജീവനക്കാരന് ക്രൂര മർദനം. ചങ്ങനാശേരിയ്ക്ക് സമീപം പായിപ്പാട് ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. സിസിടിവി ദൃശ്യമടക്കം തെളിവുണ്ടായിട്ടും തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ചൊവ്വാഴ്ച വൈകിട്ട് പായിപ്പാട് വെള്ളാപ്പള്ളി ജംഗ്ഷനിലെ പെട്രോൾ പമ്പ് ജീവനക്കാരനായ ശരത്തിനാണ് മർദ്ദനമേറ്റത്. പെട്ടി ഓട്ടോറിക്ഷയിൽ ഇന്ധനം നിറക്കുന്നതിനിടെ പായിപ്പാട് സ്വദേശികളായ മനുവും രാഹുലും വണ്ടിയിലുണ്ടായിരുന്ന കരിയില അടക്കമുള്ള മാലിന്യങ്ങൾ പമ്പിൽ തള്ളി. ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ശരത്തിനെ തല്ലിയത്. മർദനത്തിൽ ശരത്തിന്‍റെ വലത് കണ്ണിനും കൈയ്ക്കും പരിക്കേറ്റു.

തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളായ മനു, രാഹുൽ എന്നിവർക്കെതിരെ കയേറ്റത്തിന് മാത്രം സ്റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പിട്ട് കേസെടുത്തു. അറസ്റ്റിലായ പ്രതികളെ നടപടികൾ പൂർത്തിയാക്കി അപ്പോൾ തന്നെ സ്റ്റേഷൻ ജാമ്യത്തിലും വിട്ടു. രാഷ്ട്രീയ സമ്മർദ്ദം മൂലമാണ് പ്രതികൾക്കെതിരെ നിസാര വകുപ്പു ചുമത്തിയതെന്ന ആരോപണവും ശക്തമാണ്.
Previous Post Next Post