റഷ്യയിലെ കൃഷിത്തോട്ടത്തില്‍ ജോലി വാഗ്ദാനം; പറ്റിച്ചത് 65 പേരെ; എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്

_റഷ്യയിലെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നവർ_ 


 
 കൊച്ചി; റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം എക്‌സൈസ് റേഞ്ചിലെ സിവില്‍ ഓഫിസര്‍ വാണിയക്കാട് ആലിംഗപൊക്കം അറക്കപ്പറമ്പില്‍ എജെ അനീഷിന് എതിരെയാണ് കേസ്. റഷ്യയിലെ കൃഷിത്തോട്ടത്തില്‍ ഉള്‍പ്പടെ ജോലി വാഗ്ദാനം ചെയ്ത് 65 പേരില്‍ നിന്ന് ഇയാള്‍ പണം കൈപ്പറ്റുകയായിരുന്നു. 

എറണാകുളം ജില്ലയില്‍ നിന്നുള്ള 21 പേര്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം. ഇയാള്‍ മുന്‍പ് ജോലിക്കെത്തിച്ചു എന്ന് അവകാശപ്പെടുന്ന ഒരു യുവാവാണ് ഇവിടെ ജോലി ഉണ്ടെന്നും അനീഷിനെ ബന്ധപ്പെടാനും പറയുന്നത്. രണ്ട് ലക്ഷം രൂപ നല്‍കിയാല്‍ ജോലി നല്‍കാമെന്ന് അനീഷും ഇവര്‍ക്ക് ഉറപ്പുനല്‍കി. 
എന്നാല്‍ വലിയ തുകയായതിനാല്‍ കരാറുണ്ടാകണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ജോലി ഉള്ളതിനാല്‍ കരാറിലേര്‍പ്പെടാനാവില്ലെന്നായിരുന്നു പറഞ്ഞത്. എക്‌സൈസ് യൂണിഫോമിലുള്ള ഫോട്ടോയും മറ്റും കാണിച്ചാണ് അനീഷ് പണം വാങ്ങിയെടുത്തത്. പണം നല്‍കി നാളുകള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നപ്പോള്‍ പണം തിരിച്ചുതരാമെന്ന് പറഞ്ഞു. എന്നാല്‍ ഇതും നീട്ടിക്കൊണ്ടുപോവുകയായിരുന്നു. വീട്ടില്‍ അന്വേഷിച്ചു ചെന്നെങ്കിലും ആളുണ്ടായിരുന്നില്ല. ജോലി സ്ഥലത്തും ഇയാള്‍ എത്തുനിന്നില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പരാതിയില്‍ പറയുന്നത്. 

ഒരു കമ്പനിയുടെ പേരില്‍ വാട്‌സ്ആപ്പ് വഴി അനീഷ് ചിലര്‍ക്ക് ഓഫര്‍ ലെറ്റര്‍ അയച്ചുകൊടുത്തിരുന്നു. ഈ കത്ത് വ്യാജമാണെന്ന് സംശയമുണ്ടെന്നും പരാതിക്കാര്‍ പറഞ്ഞു.

 കോട്ടുവള്ളി കൈതാരം കുഴുവേലിപ്പാടത്ത് ദേവകൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പറവൂര്‍ പൊലീസാണ് അനീഷിനെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തിരിക്കുന്നത്. ഒളിവില്‍ പോയ ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കി.
Previous Post Next Post