ലോഡ് സ്വയം ഇറക്കി.. ഉടമയെ ചുമട്ടു തൊഴിലാളികള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി

കോഴിക്കോട്: നരിക്കുനിയില്‍ ഫ്രൂട്സ് സ്റ്റാള്‍ ഉടമയെ സ്വയം ലോഡിറക്കിയതിന്‍റെ പേരില്‍ ചുമട്ടു തൊഴിലാളികള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. ഗുരുതരമായി പരിക്കേറ്റ നരിക്കുനി സ്വദേശി സദഖത്തുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സ്വന്തമായി ലോഡിറക്കിയാല്‍ ഇനിയും ആക്രമിക്കുമെന്ന് തൊഴിലാളികള്‍ ഭീഷണിപ്പെടുത്തിയതായും സദഖത്തുള്ള പറഞ്ഞു.

നരിക്കുനിയില്‍ ഫ്രൂട്ട് സ്റ്റാള്‍ നടത്തുന്ന സദഖത്തുള്ള കടയില്‍ ലോഡിറക്കുന്നതിനിടയില്‍ സി ഐ ടി യു, എ സ് ടി യു, ഐ എന്‍ ടിയുസി സംഘടനകളില്‍പ്പെട്ട ചുമട്ടു തൊഴിലാളികള്‍ ആക്രമിച്ചുവെന്നാണ് പരാതി. മുഖത്തും കൈക്കും പരുക്കേറ്റ സദഖത്തുള്ളയെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വയം ലോഡിറക്കുന്നത് ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനമെന്നും സദഖത്തുള്ള പറഞ്ഞു.


തൊഴിലാളികള്‍ കടയുടെ സമീപമുള്ളപ്പോള്‍ അവരെ തന്നെയാണ് ചുമടിറക്കാന്‍ ഏല്‍പ്പിക്കാറുള്ളത്. എന്നാൽ ലോഡുമായെത്തിയപ്പോള്‍ തൊഴിലാളികളെ കാണാത്തതിനാല്‍ സ്വയം ചുമടിറക്കുകയായിരുന്നു. ഇതിനിടയില്‍ സ്ഥലത്തെത്തിയ തൊഴിലാളികളാണ് അക്രമിച്ചതെന്നും സദഖത്തുള്ള പറഞ്ഞു. അതേസമയം തൊഴില്‍ നല്‍കാത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സദഖത്തുള്ള തൊഴിലാളികളെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് തൊഴിലാളി സംഘടനകളുടെ വിശദീകരണം. സംഭവത്തിൽ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും കൊടുവള്ളി പൊലീസ് അറിയിച്ചു
أحدث أقدم