ദില്ലി : പുകയിയില ഉൽപന്നങ്ങളുടെ ഉപഭോഗം നിയന്ത്രിക്കാനുള്ള പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. കടകളിൽ ഒറ്റ സിഗരറ്റുകൾ വിൽക്കുന്നത് നിരോധിക്കാനാണ് നീക്കം നടക്കുന്നത്. പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിയാണ് സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്. വിമാനത്താവളങ്ങളിലെ പുകവലികേന്ദ്രങ്ങൾ നിരോധിക്കാനും നീക്കമുണ്ട്. ബജറ്റ് സമ്മേളനത്തിനു മുൻപ് ഇക്കാര്യത്തിൽ നിയമനിർമാണം നടന്നേക്കും.
പുകയില ഉൽപന്നങ്ങളുടെ ഉപഭോഗം നിയന്ത്രിക്കാനുള്ള ശിപാർശകളാണ് പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി കേന്ദ്ര സർക്കാരിനു മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് സിഗരറ്റ് ഉപയോഗിക്കുന്ന ഭൂരിഭാഗം പേരും ഒന്നായി വാങ്ങുന്നവരല്ല. ഒറ്റ സിഗരറ്റുകളായാണ് കടകളിൽനിന്നു വാങ്ങുന്നത്. ഇതാണ് പുകയില ഉപഭോഗം കൂടാൻ കാരണമെന്നാണ് സമിതിയുടെ കണ്ടെത്തൽ.
ഇതേതുടർന്നാണ് ഒറ്റ സിഗരറ്റ് വിൽപന നിരോധിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ശിപാർശകൾ കേന്ദ്രം അംഗീകരിക്കുകയാണെങ്കിൽ ഒറ്റ സിഗരറ്റ് വിൽപന നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറക്കും. മൂന്നു വർഷം മുൻപ് ഇ-സിഗരറ്റുകളുടെ ഉപഭോഗം കേന്ദ്രം നിരോധിച്ചിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാർശ പ്രകാരമായിരുന്നു ഇത്.