കോട്ടയം : കുമരകത്തെ ക്ഷേത്രത്തിലെ നെൽപ്പറ വഴിപാട് സ്വീകരിച്ചു വരുന്നതിനിടെ വെടിമരുന്നിന് തീപിടിച്ച് പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വെടിക്കെട്ടുകാരൻ മരിച്ചു.
കുമരകം പള്ളിച്ചിറ തുരുത്തേല്‍ സാബു (60)ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8.30 നാണ് അപകടം സംഭവിച്ചത്.
ഗ്രാമത്തിലെ വീടുകളിലെത്തി ക്ഷേത്രം സ്വീകരിക്കുന്ന നെല്‍പ്പറയുടെ മൂന്നാം ദിവസമായിരുന്നു അപകടം.
ചക്രംപടി മൂലേപ്പാടം പ്രദേശത്ത് നെല്‍പ്പറ നടക്കുന്നതിന് ഇടയിൽ കരിമരുന്ന് നിറച്ച ബക്കറ്റിലേയ്ക്ക് തീ പടരുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് സാബു സമീപത്തെ തോട്ടിലെ വെള്ളത്തില്‍ ഇറങ്ങി കിടന്നു. തുടര്‍ന്ന് കുമരകം ഗ്രാമപ്പഞ്ചായത്തിന്റെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.
75 ഓളം ശതമാനത്തിലധികം പൊള്ളലോടെയാണ് സാബുവിനെ പൊള്ളല്‍ വിഭാഗം ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചത്.
അലക്ഷ്യമായി കരിമരുന്ന് കൈകാര്യം ചെയ്തതിന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.