അനുമതിയില്ലാതെ ഡിജെ പാർട്ടിയും മദ്യ സൽക്കാരവും,സൺ ഫ്രാൻസിസ്കോ റിസോര്‍ട്ടിൽ പൊലീസിന്‍റെ മിന്നൽ പരിശോധന, മദ്യശേഖരം പിടികൂടി



 തിരുവനന്തപുരം: വർക്കലയിൽ അനുമതിയില്ലാതെ ഡിജെ പാർട്ടിയും മദ്യ സൽക്കാരവും നടത്തിയ സ്വകാര്യ റിസോർട്ടിൽ പൊലീസിന്‍റെ മിന്നൽ പരിശോധന. ഇന്നലെ രാത്രി പത്ത് മണിയോടുകൂടിയായിരുന്നു പൊലീസ് പരിശോധന.

 നോർത്ത് ക്ലിഫിൽ പ്രവർത്തിക്കുന്ന സൺ ഫ്രാൻസിസ്കോ റിസോര്‍ട്ടിൽ നിന്ന് 40 കുപ്പി ബിയറും വിദേശമദ്യ ശേഖരവും പിടികൂടി. 500 രൂപ ടിക്കറ്റ് വച്ചായിരുന്നു ഡിജെ പാര്‍ട്ടി.  

ഹിമാചൽ പ്രദേശ് സ്വദ്ദേശി ധരം ചന്ദ്, പൂവച്ചൽ സ്വദേശി ഷിജിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. റിസോര്‍ട്ട് ഉടമയായ വിദേശ വനിതയെക്കുറിച്ചും അന്വേഷണം തുടങ്ങി. അനധികൃതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ റിസോര്‍ട്ട് പൊളിച്ചുമാറ്റാൻ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

 അതേസമയം, തിരുവനന്തപുരം നഗര പരിധിയിൽ ഡിജെ പാർട്ടികൾ നടത്തുന്നതിന് പൊലീസ് മാർഗ നിർദ്ദേശങ്ങള്‍ നല്‍കിയിരുന്നു.

ഡിജെ പാർട്ടി സ്പോൺസർ ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങൾ അറിയിക്കണമെന്നാണ് പൊലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ തിരിച്ചറിയൽ രേഖകൾ അടക്കം സൂക്ഷിക്കണം, ഹോട്ടലുകളിലേയും ബാറിന്റെയും ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് വേണമെന്നുമായിരുന്നു പൊലീസിന്‍റെ നിര്‍ദ്ദേശം. ഇതൊന്നും പാലിക്കാതെയാണ് ഈ റിസോർട്ടിൽ ഡിജെ പാർട്ടി സംഘടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

വര്‍ക്കലയിൽ വിനോദ സഞ്ചാരത്തിന്‍റെ മറവിൽ വ്യാപക ലഹരി വിൽപ്പനയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റിസോര്‍ട്ടുകൾ കേന്ദ്രീകരിച്ചാണ് ഇടനിലക്കാര്‍ ലഹരി എത്തിക്കുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകൾക്കെതിരെ നടപടിയെടുക്കണമെന്ന് പൊലീസും എക്സൈസും നിരവധി തവണ ആവശ്യം ഉയര്‍ന്നിരുന്നു.
أحدث أقدم