ദമ്പതികൾ ചമഞ്ഞു വീട്ടുജോലിക്കു നിന്നശേഷം സ്വര്‍ണമാലയടക്കം മോഷ്‌ടിച്ചു വില്‍പ്പന നടത്തിയ കമിതാക്കളായ മുണ്ടക്കയം സ്വദേശികൾ അറസ്‌റ്റില്‍,,5,32,500 രൂപ വിലവരുന്ന സാധനങ്ങളാണ്‌ ഇവര്‍ മോഷ്‌ടിച്ചത്‌



ഇടപ്പള്ളി നോര്‍ത്ത്‌ പോണേക്കര മീഞ്ചിറ റോഡില്‍ ഷിജി ജിനേഷിന്റെ ആലപ്പുഴയിലെ ചെത്തി തോട്ടപ്പിള്ളി വീട്ടില്‍ ജോലിക്കു നിന്നിരുന്ന മുണ്ടക്കയം പാറത്തോട്‌ പോത്തല വീട്ടില്‍ ജിജോ (38), മുണ്ടക്കയം കാര്യാട്ട്‌ വീട്ടില്‍ സുജ ബിനോയ്‌ (43) എന്നിവരെയാണ്‌ അര്‍ത്തുങ്കല്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
ഒരു സ്വര്‍ണമാല, രണ്ട്‌ ഗ്യാസ്‌ കുറ്റികള്‍, ഇരുമ്പ് ഗേറ്റ് , വാഹനത്തിന്റെ സ്‌റ്റെപ്പിനി ടയര്‍, മൂന്നു ലാപ്പ്‌ടോപ്പുകള്‍, ഓട്ടുപാത്രങ്ങള്‍, തുണിത്തരങ്ങള്‍, കാര്‍പ്പറ്റുകള്‍ തുടങ്ങി 5,32,500 രൂപ വിലവരുന്ന സാധനങ്ങളാണ്‌ ഇവര്‍ മോഷ്‌ടിച്ചത്‌. അര്‍ത്തുങ്കല്‍ സ്‌റ്റേഷന്‍ എസ്‌.എച്ച്‌.ഒ: പി.ജി. മധുവിന്റെ നേതൃത്വത്തില്‍ എസ്‌.ഐ. സജീവ്‌കുമാര്‍, ഗ്രേഡ്‌ എസ്‌.ഐ. ശാലിനി എന്നിവരടങ്ങിയ പോലീസ്‌ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. ഇരുവരെയും ഇന്ന്‌ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി 
പരാതിക്കാരിയുടെ ഉടമസ്‌ഥതയിലുള്ള ആലപ്പുഴയിലെ വീട്ടില്‍ ഭര്‍ത്തൃമാതാവിനെ സംരക്ഷിക്കാനും വീട്ടുജോലിക്കുമായി ദമ്പതികളെ  ആവശ്യപ്പെട്ട്‌ പത്രപ്പരസ്യം കൊടുത്തിരുന്നു.

ഇതുകണ്ട്‌ ജിജോയും സുജയും ദമ്പതികളെന്ന്  തെറ്റിദ്ധരിപ്പിച്ച്‌ 2021 നവംബര്‍ മുതല്‍ ഷിജിയുടെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. കമിതാക്കളായ ഇവര്‍ക്ക്‌ വേറെ കുടുംബവും കുട്ടികളുമുള്ളതായി പറയപ്പെടുന്നു. വിദേശത്തു ജോലിചെയ്യുന്ന ഷിജിയുടെ ഭര്‍ത്താവ്‌ ജിനേഷ്‌ മകളുടെ വിവാഹത്തിനും മറ്റും നാട്ടിലെത്തിയപ്പോഴാണ്‌ സ്വര്‍ണവും സാധനങ്ങളും നഷ്‌ടമായതായി അറിഞ്ഞത്‌. മോഷണമുതല്‍ വിറ്റുകിട്ടിയ തുക സ്‌കൂട്ടര്‍ വാങ്ങുന്നതിനും മറ്റു കുടുംബാവശ്യങ്ങള്‍ക്കുമായി പ്രതികള്‍ ചെലവഴിച്ചതായാണു വിവരമെന്ന്‌ പോലീസ്‌ പറഞ്ഞു. മോഷണമുതലുകളില്‍ പണയം വച്ച സ്വര്‍ണം മാരാരിക്കുളത്തുള്ള സ്വകാര്യ ഫൈനാന്‍സ്‌ സ്‌ഥാപനത്തില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്‌.
Previous Post Next Post