കോട്ടയം : മദ്യനിരോധനസമിതി സംസ്ഥാന രക്ഷാധി കാരിയും മുൻ പ്രസിഡന്റും വിൻസെൻഷ്യൻ കോൺഗ്രിഗേഷനിലെ സെന്റ് ജോസഫ് പ്രൊവിൻസ് അംഗവുമായ ഫാ. വർഗീസ് മുഴുത്തേറ്റ് (85) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (27 - തിങ്കൾ) ഉച്ചകഴിഞ്ഞു രണ്ടിന് കോട്ടയം, അടിച്ചിറ വിൻസെൻഷ്യൻ ആശ്രമ ദേവാലയത്തിൽ ആരംഭിക്കും.
സംസ്ഥാനത്തെ മദ്യനിരോധന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഫാ. വർഗീസ് മുഴുത്തേറ്റ് കേരള മദ്യ നിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ ചുമതലകളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. തദ്ദേശ ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം പുനസ്ഥാപിച്ചു കിട്ടാനായുള്ള, 953 ദിവസത്തെ മലപ്പുറംസമരത്തിലും ഹൈക്കോടതി പ്രൊട്ടക്ഷനിൽ പ്രവർത്തിച്ചു പോന്ന താമരശ്ശേരിബാർ അടപ്പിച്ച 160 ദിവസ സമരത്തിലും നേതൃത്വം വഹിച്ചു. ഒന്നര ദശാബ്ദമായി കേരളത്തിൽ നടന്ന എല്ലാ മദ്യനിരോധന സമരങ്ങളിലും വാഹന ജാഥകളിലും ഫാ. മുഴുത്തേറ്റ് സജീവമായി പങ്കെടുത്തിരുന്നു. അധഃസ്ഥിത വിഭാഗങ്ങളെയും മദ്യത്തിനടിമപ്പെട്ട കുടുംബങ്ങളേയും പുനരുദ്ധരിക്കാൻ നിരവധി ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.
തൊടുപുഴ ,നെടിയശാല മുഴുത്തേറ്റ് ഔസേപ്പിന്റെയും അന്നയുടെയും മകനായി 1938 ജനുവരി 30ന് ജനിച്ച അദ്ദേഹം,
വിൻസെൻഷ്യൻ കോൺഗ്രിഗേഷനിലെ വിദ്യാഭ്യാസ സാമൂഹിക ഭരണ നിർവഹണ മേഖലകളിൽ സ്തുത്യർഹമായ സേവനം നടത്തി. വിൻസെൻഷ്യൻ സഭയുടെ വിദ്യാഭ്യാസ ചുമതലയുള്ള ജനറൽ കൗൺസിലറും, തൊടുപുഴ , കുറവിലങ്ങാട് ഡീ പോൾ സ്കൂളുകളുടെ പ്രിൻസിപ്പലും ആയിരുന്നു. ഗാന്ധിജി പീസ് പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.