അമ്പലപ്പുഴ: ദേവാലയത്തിന് മുന്നിലെ കൽവിളക്കു തകർത്ത നിലയിൽ കണ്ടെത്തി. വാടക്കൽദൈവജനമാതാ
പള്ളിയുടെ മുൻവശത്തു സ്ഥാപിച്ചിരുന്ന വർഷങ്ങൾ പഴക്കമുള്ള കൽവിളക്കാണ് തകർത്തത്. രാവിലെ ദേവാലയത്തിൽ പ്രാർത്ഥനയ്ക്കെത്തിയവരാണ് കൽവിളക്ക് തകർന്ന നിലയിൽ ആദ്യം കണ്ടത്. അക്രമി പാരയ്ക്കു കുത്തിപ്പൊളിച്ചതിന്റെ പാടുകൾ തകർന്നുവീണ കൽവിളക്കിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവമറിഞ്ഞ് വിശ്വാസികൾ പള്ളിക്കു മുന്നിൽ തടിച്ചുകൂടി.
പള്ളിവികാരി അറിയിച്ചതിനെത്തുടർന്ന് പുന്നപ്ര, സൗത്ത് സ്റ്റേഷനുകളിൽ നിന്ന് പൊലീസും സ്ഥലത്തെത്തി. പൊലീസ് നായ മണം പിടിച്ചു പള്ളി പരിസരത്തെ ഒരു വീടുവരെ എത്തി. തുടർന്ന്, വിരലടയാള വിദഗ്ധർ സ്ഥലത്ത് എത്തി പരിശോധന നടത്തി. ദേവാലയത്തിനു മുന്നിലെ സിസിടിവികൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം. മനോരോഗമുള്ള യുവാവാണ് സംഭവത്തിനു പിന്നിലെന്നാണ് സംശയം.