കുരുമുളക് മോഷണം; വിവരമറിഞ്ഞ ഉടമ മരിച്ചു : പിന്നാലെ പ്രതിയായ അനുജന്‍ അറസ്റ്റില്‍

മരണമടഞ്ഞ വിശ്വനാഥൻ 

ചെറുതോണി(ഇടുക്കി) : വീട്ടുകാര്‍ തീര്‍ത്ഥാടനത്തിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 75 കിലോ കുരുമുളക് മോഷ്ടിച്ച കേസില്‍ ബന്ധുവിനെ മുരിക്കാശേരി പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ മോഷണ വിവരമറിഞ്ഞ ഉടമ കാറില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. 
രാജമുടി പതിനേഴുകമ്പനി മണലേല്‍ അനില്‍ കുമാര്‍(57) ആണ് പിടിയിലായത്. ഇയാളുടെ ജേഷ്ഠന്‍ രാജമുടി മണലേല്‍ വിശ്വനാഥന്‍ കഴിഞ്ഞയാഴ്ച തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ചിന്നാറില്‍ വച്ച് മരിച്ചിരുന്നു. 

പ്രതി അനിൽ കുമാർ

സമീപത്ത് തന്നെ ഒറ്റക്ക് താമസിക്കുന്ന പ്രതി മോഷണം നടത്തിയ ശേഷം കുരുമുളക് തോപ്രാംകുടിയിലെ ഒരു കടയില്‍ വിറ്റിരുന്നു. ഇത് പിന്നീട് പോലീസ് കണ്ടെടുത്തു. വിശ്വനാഥന്റെ ഇളയ സഹോദരനാണ് പ്രതി. വീടിന്റെ പുറകുവശത്തെ കതക് കുത്തിത്തുറന്ന മോഷ്ടാവ് രണ്ട് പ്ലാസ്റ്റിക്കു ചാക്കിലാക്കി സൂക്ഷിച്ചിരുന്ന കുരുമുളകാണ് കവര്‍ന്നത്. അലമാരയിലും മേശയിലും പരിശോധന നടത്തിയ ശേഷം വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ട ശേഷമാണ് പോയത്. ഇടുക്കിയില്‍ നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. മണം പിടിച്ചേ ഡോഗ് ഇയാളുടെ വീടു വരെയെത്തി നിന്നിരുന്നു. അതിന് ശേഷം ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. 

മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനാല്‍ പോലീസ് ഇന്നലെയാണ് തുടര്‍ പരിശോധന നടത്തിയത്. വീട്ടുകാരേക്കുറിച്ച് വ്യക്തമായി അറിവുള്ള ആരെങ്കിലുമായിരിക്കുമെന്ന നിഗമനത്തിലായിരുന്നു പോലീസ്. 13ന് രാത്രിയാണ് വിശ്വനാഥനും ഭാര്യ ഷീലയും മക്കളായ അരുണ്‍, അനീഷ്, മരുമക്കളായ രമ്യ, അനുപ്രിയ എന്നിവരുമായി പഴനിക്ക് ക്ഷേത്ര ദര്‍ശനത്തിനു പോയത്. 
ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവെ ചിന്നാറിലെത്തിയപ്പോള്‍ രാത്രി വീട്ടില്‍ മോഷണം നടന്ന വിവരം ബന്ധുക്കള്‍ വിശ്വനാഥനെ വിളിച്ചറിയിച്ചു. ഇതുകേട്ട വിശ്വനാഥന്‍ കാറില്‍ത്തന്നെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.

 ഇതുമൂലം പോലീസില്‍ പരാതി കൊടുക്കാനും താമസം നേരിട്ടു. സംസ്‌ക്കാര ചടങ്ങുകള്‍ നടന്ന വീടായതിനാല്‍ നിരവധി പേര്‍ വീട്ടില്‍ വന്നു പോയതിനാല്‍ നിര്‍ണായകമായ പല തെളിവുകളും നശിക്കുകയും ചെയ്തു. മുരിക്കാശേരി എസ്‌ഐ റോയി എന്‍.എസ്, എസ്‌ഐ സാബു തോമസ് എസ്‌സിപിഒമാരായ അഷറഫ് കാസിം, അഷറഫ് ഇ.കെ, സിപിഒ ജയേഷ് ഗോപി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

മോഷണ വിവരമറിഞ്ഞ് കുഴുഞ്ഞുവീണ് മരിച്ച വിശ്വനാഥന്‍, പ്രതി അനില്‍കുമാര്‍.
أحدث أقدم