മാന്നാർ (ആലപ്പുഴ): ചെന്നിത്തല ചെറുകോലിൽ കാണാതായ മകളെ അന്വേഷിച്ച് എത്തിയ പിതാവിനേയും സഹോദരനേയും സഹോദരി ഭർത്താവിനെയും ക്രൂരമായി മർദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ചെന്നിത്തല കാരാഴ്മ ഒരിപ്രം സംഗീത് ഭവനിൽ സംഗീത് (22) ആണ് അറസ്റ്റിലായത്.
സംഭവത്തിന് ശേഷം പള്ളിപ്പാട്, ചവറ, പുതുപ്പള്ളി, പത്തിയൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു പ്രതി.
മാസങ്ങൾക്ക് മുൻപ് കാരാഴ്മയിലെ ഒരു വിവാഹ വീട്ടിൽ അക്രമം നടത്തിയ കേസിലും പ്രതിയാണ് സംഗീത് എന്ന് പോലീസ് പറഞ്ഞു. ഈ കേസിൽ ഇയാൾ ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം. ഈ കേസിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെ ആദ്യം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോഴും റിമാൻഡിലാണ്.