ഡല്‍ഹി മദ്യനയ അഴിമതി കേസ്; ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ


 നൃൂഡല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

 ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനെ തുടര്‍ന്ന് സിബിഐ ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
 മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ നിയന്ത്രണമുണ്ട്.

പാര്‍ട്ടി പ്രവര്‍ത്തകരെ വൈകാരികമായി അഭിസംബോധന ചെയ്തിന് ശേഷമാണ് സിസോദിയ ചോദ്യം ചെയ്യലിന് പോയത്. 'ഞാന്‍ 7-8 മാസം ജയിലില്‍ കിടക്കും. എന്നെയോര്‍ത്ത് ഖേദിക്കേണ്ടതില്ല. അഭിമാനിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഭയപ്പെടുന്നു. അതിനാല്‍ എന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ പോരാടണം. ആദ്യദിവസം മുതല്‍ എനിക്കൊപ്പം നില്‍ക്കുന്ന ഭാര്യ സുഖമില്ലാതെ വീട്ടില്‍ തനിച്ചാണ്. അവളെ ശ്രദ്ധിക്കണം. ഡല്‍ഹിയിലെ കുട്ടികളോട് എനിക്ക് പറയാനുള്ളത്, നന്നായി പഠിക്കണം, മാതാപിതാക്കളെ ശ്രദ്ധിക്കണം എന്നാണ്'- അദ്ദേഹം പറഞ്ഞു.

സിസോദിയയെ പിന്തുണച്ച് കെജരിവാള്‍ ട്വീറ്റ് ചെയ്തു. 'ദൈവം നിങ്ങളോടൊപ്പമുണ്ട്, ലക്ഷക്കണക്കിന് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അനുഗ്രഹം നിങ്ങളോടൊപ്പമുണ്ട്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി നിങ്ങള്‍ ജയിലില്‍ പോകുമ്പോള്‍ അതൊരു ശാപമല്ല, മഹത്വമാണ്'- കെജരിവാള്‍ പറഞ്ഞു.
Previous Post Next Post