കുമരകത്തെ ജി 20 സമ്മേളന ഹാള്‍ പരിസ്ഥിതി സൗഹൃദം



 കോട്ടയം : കുമരകം കെറ്റിഡിസി വാട്ടര്‍ സ്‌കേപ്‌സില്‍ നടത്തുന്ന ജി- 20 ഉദ്യോഗസ്ഥ സമ്മേളന ഹാളും പരിസരവും സജ്ജീകരിച്ചിരിക്കുന്നത് പരിസ്ഥിതി സൗഹൃദ മാനദണ്ഡം പാലിച്ച്.

 സമ്മേളന ഹാളിന്റെ സീലിങ് ചെയ്തിരിക്കുന്നത് ഏറെ ആകര്‍ഷകമായിട്ടാണ്. 
നാടന്‍ മുള ഉപയോഗിച്ച് ഏറെ മനോഹരമായിട്ടാണ് ഇതിന്റെ നിര്‍മാണം.

 ദീര്‍ഘനാള്‍ കേടുകൂടാതെ നിലനില്ക്കാന്‍ രാസലായനി ഉപയോഗിച്ച് പാകപ്പെടുത്തിയ മുളയാണിത്. 
അര മീറ്റര്‍ നീളമുള്ള മുളക്കഷണങ്ങള്‍ ഉരുക്കു കമ്പിയില്‍ കോര്‍ത്ത് ലംബമായി മച്ചില്‍ പിടിപ്പിച്ചിരിക്കുകയാണ്. ഇത് ശബ്ദ(മുഴക്കം) നിയന്ത്രണത്തിനു വേണ്ടിയാണ്. കേരളത്തില്‍ ആദ്യമായിട്ടാണ് മുള ഉപയോഗിച്ച് ഇത്തരത്തിലുള്ള ശബ്ദനിയന്ത്രണ സംവിധാനം ക്രമീകരിക്കുന്നത്.

 ചുവരുകളുടെ ഉള്‍ഭാഗത്ത് ചണം ഉപയോഗിച്ച് മനോഹരമായി ആവരണം ചെയ്തിരിക്കുന്നതും ശബ്ദ നിയന്ത്രണത്തിനു വേണ്ടിയാണ്.
ഹാളിനുള്ളിലെ ദീപാലങ്കാരങ്ങളും പരിസ്ഥിതി സൗഹൃദമാണ്.

 ഹാളിന്റെ പരിസരമാകെ പ്രത്യേകതരം പുല്ലും ചെടികളും നട്ടു മോടി പിടിപ്പിച്ചിരിക്കുന്നു.
ഹാളിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി 16ന് തന്നെ ജി-20 ഉദ്യോഗസ്ഥ സമ്മേളന അധികൃതര്‍ക്ക് കൈമാറും. 30ന് തുടങ്ങുന്ന സമ്മേളനം ഏപ്രില്‍ രണ്ടിന് അവസാനിക്കും.

 സമ്മേളനത്തിന് ശേഷം പൊതുജനങ്ങള്‍ക്ക് ഹാള്‍ വാടകയ്ക്ക് ലഭിക്കും. ഇപ്പോള്‍ തന്നെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.
أحدث أقدم