കോട്ടയം: ഇന്ത്യ ഉയര്‍ത്തിക്കാട്ടിയിട്ടുള്ള 'വസുധൈവ കുടുംബകം- ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന പ്രമേയത്തെ മുന്‍ നിര്‍ത്തിയുള്ള ജി 20 ഉച്ചകോടി ഷെര്‍പ്പ സമ്മേളനത്തിന് കുമരകത്ത് തുടക്കമായി.
ജി 20 ഷെര്‍പ്പമാരുടെ രണ്ടാം സമ്മേളനമാണ് ഇവിടെ ആരംഭിച്ചത്. രാഷ്ടത്തലവന്മാരുടെ പ്രതിനിധിയെയാണ് ഷെര്‍പ്പ എന്നു പറയുന്നത്. ഇന്ത്യയുടെ ജി 20 ഷെര്‍പ്പ അമിതാഭ് കാന്താണ് സമ്മേളനത്തിന്റെ അധ്യക്ഷന്‍. ജി 20 അംഗങ്ങള്‍, ക്ഷണിക്കപ്പെട്ട 9 രാഷ്ട്രങ്ങള്‍, വിവിധ അന്താരാഷ്ട്ര പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള 120ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന നാലു ദിവസത്തെ സമ്മേളനത്തിനാണ് ഇന്നലെ തുടക്കമായത്.
രാവിലെ ചെണ്ടമേളം, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ തനത് കേരളീയ ശൈലിയില്‍ പൊന്നാടയണിച്ചാണ് ഓരോ പ്രതിനിധിയെയും സമ്മേളന നഗരിയിലേക്ക് വരവേറ്റത്.
സമ്മേളനത്തിന് തുടക്കം കുറിച്ച് ഇന്ത്യയുടെ ജി20 ഷെര്‍പ്പ അമിതാ കാന്ത് ആദ്യ ഭദ്രദീപ പ്രകാശനം നടത്തി. തുടര്‍ന്ന് അംഗ രാജ്യങ്ങളുടെ പ്രതിനിധികളും ദീപം തെളിയിച്ചു.
ഹരിത വികസനം, ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ വിഷയങ്ങളിലുള്ള ചര്‍ച്ചകളാണ് ഇന്നലെ മുഖ്യമായും നടന്നത്.
ആഗോള തലത്തില്‍ രൂപപ്പെടുന്ന വെല്ലുവിളികളില്‍ വികസ്വര രാജ്യങ്ങള്‍ക്കിടയിലുള്ള ആശങ്കകള്‍, സമാനമായ അന്താരാഷ്ട്ര വിഷയങ്ങള്‍, വികസനവും പരിസ്ഥിതി വിഷയങ്ങളും മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത തുടങ്ങിയ ബഹുമുഖ വിഷയങ്ങളിലും വരും ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. നയപരമായ സമീപനങ്ങളിലും കൃത്യമായ നടപ്പാക്കലിലും ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും.