കോട്ടയം: കള്ളനോട്ട് നല്‍കി യുവാവ് പറ്റിച്ച 93 വയസുകാരിക്ക് സഹായവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ലോട്ടറി വില്‍പനക്കാരിയായ കോട്ടയം മുണ്ടക്കയം സ്വദേശി ദേവയാനിയമ്മക്കാണ് സന്തോഷ് പണ്ഡിറ്റ് കൈത്താങ്ങായത്. ദേവയാനിയമ്മയെ നേരിട്ടുകണ്ടെന്നും ചില കുഞ്ഞുസഹായങ്ങള്‍ ചെയ്യാന്‍ സാധിച്ചെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
93 വയസായ, ലോട്ടറി വില്‍പന നടത്തി ജീവിക്കുന്ന ഒരമ്മ എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ദേവയാനിയമ്മയെ സന്ദര്‍ശിച്ച വിവരം അറിയിച്ചത്. ദേവയാനിയമ്മയുടെ നഷ്ടപ്പെട്ട ലോട്ടറി ടിക്കറ്റുകള്‍ക്ക് പകരമായി പുതിയ ലോട്ടറി ടിക്കറ്റുകളാണ് സന്തോഷ് പണ്ഡിറ്റ് നല്‍കിയത്. ഇത് വാങ്ങി അമ്മയെ സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്നവരോട് ആവശ്യപ്പെടുന്നുമുണ്ട് അദ്ദേഹം.
‘ഞാന്‍ കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ മുണ്ടക്കയം സന്ദര്‍ശിച്ചു. അവിടെ 93 വയസ്സായ ലോട്ടറി വില്‍പന നടത്തി ജീവിക്കുന്ന ഒരു അമ്മയെ നേരില്‍ പോയി കണ്ടു. അവരെ കള്ള നോട്ട് നല്‍കി ചിലര്‍ വഞ്ചിച്ച വാര്‍ത്ത അറിഞ്ഞാണ് പോയത്. കാര്യങ്ങള്‍ നേരില്‍ മനസ്സിലാക്കുവാനും, ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാനും സാധിച്ചു’ എന്നാണ് അദ്ദേഹം വീഡിയോക്കൊപ്പം കുറിച്ചത്. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ക്കൊപ്പമായിരുന്നു സന്തോഷ് പണ്ഡിറ്റ് മുണ്ടക്കയത്തെത്തിയത്.