പൊഖ്റാൻ (രാജസ്ഥാൻ ) : ബ്രഹ്മപുരത്തിൽ നിന്നും രൂപപ്പെട്ട് കൊച്ചിയിൽ നിറഞ്ഞ വിഷപ്പുകയിൽ ആശങ്ക പങ്കുവെച്ച് മലയാളത്തിൻ്റെ പ്രിയ നടൻ മോഹൻലാൽ .
ഞാനീ കുറിപ്പ് എഴുതുന്നത് രാജസ്ഥാനിലെ പൊഖ്‌റാൻ മരുഭൂമിയിൽ ഇരുന്നാണ്.
കൊടുംചൂടാണ് എന്നതൊഴിച്ചാൽ ഇവിടെ കാറ്റും വെളിച്ചവുമെല്ലാം പ്രസന്നമാണ്; ശുദ്ധമാണ്. എന്നാൽ, അതൊന്നും ആസ്വദിക്കാൻ എനിക്കിപ്പോൾ തോന്നുന്നില്ല. കാരണം, എന്റെ അമ്മ കൊച്ചിയിലാണുള്ളത്. വിഷപ്പുക അമ്മ കിടക്കുന്ന മുറിയിലുമെത്തുമോ എന്ന ഭയം എന്നെ വേട്ടയാടുന്നു.
കൊച്ചിയിലെ ഒരുപാട് അമ്മമാരെയും അച്ഛന്മാരെയും കാണുന്നു. അതിനപ്പുറമുള്ള വ്യർഥമായ രാഷ്ട്രീയ യുദ്ധകോലാഹലങ്ങളുടെ ശബ്ദം കേൾക്കുന്നു.
എന്‍റെ ബ്ലോഗുകളിൽ ഏറ്റവുമധികം ആശങ്കയോടെ ഞാൻ അവതരിപ്പിച്ചത് മാലിന്യ പ്രശ്നമായിരുന്നു. അതിനെ ശ്രദ്ധിക്കുന്നതിലധികം പഴിക്കുന്നതിലാണ് ഒരു വലിയവിഭാഗം രസം കണ്ടത്. ബ്രഹ്മപുരത്തെക്കുറിച്ച് വായിക്കുമ്പോൾ ഞാനെന്റെ പാഴായിപ്പോയ കുറിപ്പുകളെക്കുറിച്ച് ഓർത്തുപോവുന്നു.
കേരളത്തിന്റെ ജനസാന്ദ്രത മറ്റുസംസ്ഥാനങ്ങളെക്കാൾ പതിന്മടങ്ങാണ്. അതിനാൽ, നമ്മുടെ സംസ്ഥാനത്തെയും മഹാനഗരങ്ങളിലെയും മാലിന്യപ്രശ്നം പ്രത്യേകമായി പഠിക്കപ്പെടുകയും പരിഹാരം കാണേണ്ടതുമാണ് - അദ്ദേഹം കുറിപ്പിൽ പറഞ്ഞു.