തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈമാസ്സ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം





 തിരുവനന്തപുരം :തിരുവനന്തപുരം അഭ്യന്തരവിമാനത്താവളത്തില്‍ ഹൈമാസ്സ് ലൈറ്റ് പൊട്ടിവീണ് തൊഴിലാളി മരിച്ചു. രാവിലെ 10:15 ഓടെ യിരുന്നു സംഭവം. 

ആള്‍ സെയിന്റ്‌സ് കോളജിന് സമീപം താമസിക്കുന്ന അനില്‍ കുമാറാണ്(48) മരണപ്പെട്ടത്. സംഭവത്തില്‍ നോബിള്‍, അശോക്, രഞ്ജിത്ത് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഇവര്‍ അനന്തപുരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഹൈമാസ്സ് ലൈറ്റിന്റെ ഏറ്റവും ഉയരത്തില്‍ ലൈറ്റുകള്‍ ഘടിപ്പിക്കുന്ന ബാരലുകള്‍ ഇരുമ്പ് വടം ഉപയോഗിച്ച് കെട്ടിയിറക്കുന്നതിനിടെ പൊട്ടി വീഴുകയായിരുന്നു. ഇരുമ്പ് ബാരല്‍ നേരിട്ട് അനില്‍കുമാറിന്റെ തലയ്ക്ക് മുകളിലേക്കാണ് വീണത്. ഹെല്‍മെറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാകവചം ധരിച്ചിരുന്നുവെങ്കിലും അപകട സ്ഥലത്ത് വച്ചു തന്നെ അനില്‍ കുമാര്‍ മരണപ്പെടുകയായിരുന്നു.

അനിലിനോടൊപ്പം സമീപത്ത് ഇരുമ്പ് വടം വലിച്ചിറക്കിക്കൊണ്ടിരിക്കുകയായിരുന്നു അശോകും നോബിളും രഞ്ജിത്തും.

 നിലത്തേക്ക് ഉയരത്തില്‍ നിന്നും വീണ ഇരുമ്പ് ബാരലില്‍ നിന്നും ഇളകിതെറിച്ച ഭാഗങ്ങള്‍ ശരീരത്തില്‍ വന്നിടിച്ചാണ് മറ്റുള്ളവര്‍ക്ക് പരിക്കേറ്റത്.

 വിമാനത്താവളത്തിലെ ഹൈമാസ് ലൈറ്റുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കരാര്‍ ലഭിച്ച യു ഡി എഫ് എന്ന കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍. എല്ലാ മാസവും വിമാനത്താവളത്തിലെ ഹൈമാസ്സ് ലൈറ്റുകള്‍ ഇവര്‍ ഇത്തരത്തില്‍ അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി അഴിച്ച് പരിശോധന നടത്താറുണ്ട്.

Previous Post Next Post