തമിഴ്നാട്ടിൽ അടിപിടി കേസില്‍ അറസ്റ്റിലായ യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍ നേരിട്ടത് ക്രൂരപീഡനമെന്ന് പരാതി


തമിഴ്നാട്ടിൽ അടിപിടി കേസില്‍ അറസ്റ്റിലായ യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍ നേരിട്ടത് ക്രൂരപീഡനമെന്ന് പരാതി.പിടിയിലായ 10 പേരുടെ പല്ല് പിഴുതുമാറ്റിയെന്നാണ് ഗുരുതര ആരോപണം. കസ്റ്റഡിയിലെടുത്ത യുവാക്കളുടെ പല്ല്, കട്ടിങ് പ്ലയര്‍ ഉപയോഗിച്ച് പൊലീസ് പിഴുതുമാറ്റിയെന്നും കരിങ്കല്ല് കടിക്കാനും ആവശ്യപ്പെട്ടുവെന്നും വൃഷണം ഞെരിച്ചമര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.

യുവ ഐപിഎസ് ഉദ്യോഗസ്ഥന്റെ പ്രതികളോടുള്ള കസ്റ്റഡി പീഡന കഥ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായി. ഇതോടെ ആരോപണവിധേയനായ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ജില്ലാ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു.

തിരുനെല്‍വേലി അംബാസമുദ്രം എഎസ്പി ബല്‍വീര്‍ സിങ്ങിനെതിരെയാണ് പരാതി. അംബാസമുദ്രം സ്വദേശി ചെല്ലപ്പയെയും മറ്റു ഒന്‍പത് പേരെയും അടിപിടിക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ബല്‍വീര്‍ സിങ് ഓരോ പ്രതികളെയും തന്റെ ക്യാബിനില്‍ വിളിച്ചുവരുത്തിയാണ് പല്ല് പിഴുതെടുത്തതെന്ന് ഇവര്‍ ആരോപിക്കുന്നു.

പ്രതികളുടെ കൈകള്‍ ഗണ്‍മാനും മറ്റൊരു ഉദ്യോഗസ്ഥനും ബലമായി പിടിച്ചുവയ്ക്കുകയും ബല്‍വീര്‍ കടിങ് പ്ലയര്‍ ഉപയോഗിച്ച് പല്ല് പിഴുതുമാറ്റുകയുമായിരുന്നുവെന്നും വായ്ക്കുള്ളില്‍ കരിങ്കല്‍ കഷ്ണങ്ങള്‍ ഇട്ടശേഷം കടിച്ചുപൊട്ടിക്കാനും ആവശ്യപ്പെട്ടുവെന്നും പീഡന വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

അതിനിടെയാണ് മൂന്നുപേര്‍ മാധ്യമങ്ങളോട് പീഡനവിവരം വെളിപ്പെടുത്തിയത്. പിന്നാലെ വിവിധ സംഘടനകള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച് പ്രഖ്യാപിച്ചു. തുടര്‍ന്ന് ജില്ലാ കലക്ടര്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

Previous Post Next Post