മാവൂർ(കോഴിക്കോട് ): കല്പള്ളിയിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. സ്കൂട്ടർയാത്രക്കാരൻ മാവൂർ അടുവാട് കറുത്തേടത്ത് കുഴി, ചെറൂപ്പ രാരുംപിലാക്കൽ അർജുൻ സുധീറാണ് (27) മരിച്ചത്.
ബസിലുണ്ടായിരുന്ന പത്തുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
മാവൂർ- കോഴിക്കോട് റോഡിൽ കല്പള്ളി അങ്ങാടിക്ക് സമീപമാണ് അപകടം. കോഴിക്കോട്ടുനിന്ന് മാവൂരിലേക്ക് വരുന്ന കാശിനാഥ് ബസാണ് സ്കൂട്ടറിലിടിച്ച് നിയന്ത്രണംവിട്ട് പി.ഡബ്ല്യു.ഡി. ഗ്രൗണ്ടിന് എതിർവശത്തെ താഴ്ചയിലേക്ക് മറിഞ്ഞത്.
ബസിൽ യാത്രക്കാർ കുറവായതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാരും മാവൂർ പോലീസും മുക്കത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്