പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവീഡിയോ നിർമിച്ചതിൽ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ അന്വേഷകസംഘം ചോദ്യം ചെയ്തു. കോഴിക്കോട് നിന്നുള്ള പ്രത്യേക അന്വേഷണ സംഘം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ വെച്ചാണ് ചോദ്യം ചെയ്തത്.
നേരത്തെ ചോദ്യം ചെയ്യലിനായി ഹാജരാവാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നെങ്കിലും സിന്ധു ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സിന്ധു ചോദ്യം ചെയ്യലിന് എത്താതിരുന്നത്. ഇതോടെയാണ് അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. പോക്സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റീജണൽ എഡിറ്റര്‍ കെ. ഷാജഹാന്‍, വീഡിയോ ചിത്രീകരിച്ച കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് എന്നിവർക്കെതിരെ വെള്ളയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2022 നവംബര്‍ 10ന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടില്‍ പതിനാലുകാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്നായിരുന്നു പിവി അന്‍വര്‍ എംഎല്‍എയുടെ പരാതി. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച് സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയായ പെണ്‍കുട്ടിയായി ചിത്രീകരിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കോഴിക്കോട് സ്റ്റുഡിയോയില്‍ വെച്ചാണ് അഭിമുഖം ചിത്രീകരിച്ചതെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
നാല് പ്രതികള്‍ക്ക് കോഴിക്കോട് പോക്സോ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു ഉപാധികളോടെയാണ് കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരോട് കോടതി നിര്‍ദേശിച്ചിരുന്നു