തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ മാസങ്ങള്‍ക്ക് ശേഷം അമ്മയാനക്കൊപ്പം കണ്ടെത്തി ,ആരോ​ഗ്യത്തിന് പ്രശ്നങ്ങളൊന്നുമില്ല എന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.

തൃശൂർ: തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെയും അമ്മയാനയെയും ഏറെ നാളുകൾക്ക് ശേഷം അതിരപ്പിള്ളി ഭാ​ഗത്ത് കണ്ടെത്തി. തുമ്പിക്കൈ ഇല്ലെങ്കിലും ആനക്കുട്ടിയുടെ ആരോ​ഗ്യത്തിന് പ്രശ്നങ്ങളൊന്നുമില്ല എന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. ഇന്നലെ വൈകുന്നേരം 3 മണിയോടെയാണ് ചാലക്കുടി പുഴയിൽ കുട്ടി‌യാനയും അമ്മയാനയും നാട്ടുകരുടെ ശ്രദ്ധയിൽ പെട്ടത്. എണ്ണപ്പന തോട്ടത്തിലെത്തിയ അമ്മയാനയും കുട്ടിയും പുഴ മുറിച്ചു കടന്ന് കാടുകയറി.

പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിൽ മാസങ്ങൾക്ക് മുമ്പ് കണ്ടെത്തിയ ആനക്കൂട്ടത്തിലാണ് തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയുമുണ്ടായിരുന്നത്. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ആനക്കുട്ടിയെ കണ്ടെത്തി പരിശോധിക്കാൻ വനംവകുപ്പ് ശ്രമം നടത്തിയിരുന്നു. വനപാലകരുടെ സംഘം ദിവസങ്ങളോളം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അവസാനം തുമ്പൂർമുഴിയിൽ ആനമല റോഡ് മുറിച്ചുകടക്കുന്ന ആനക്കൂട്ടത്തിൽ ഈ ആനക്കുട്ടിയെ ബസ് യാത്രക്കാർ കണ്ടിരുന്നു. പിന്നീട് ഏറെ നാളുകൾക്ക് ശേഷമാണ് ആനക്കുട്ടി പ്രത്യക്ഷപ്പെടുന്നത്. നിരവധി വിനോദ സഞ്ചാരികൾക്ക് മുന്നിലൂടെയാണ് അമ്മയാനയും കുഞ്ഞും നടന്നു പോയത്. തുമ്പിക്കൈ ഇല്ലെങ്കിലും ആനക്കുട്ടി ആരോ​ഗ്യത്തോടെ ഇരിക്കുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു.
أحدث أقدم