ഇനി മുതൽ അയിരൂർ കഥകളി ഗ്രാമം എന്നറിയപ്പെടും.
ഔദ്യോഗിക പേര് മാറ്റത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി.
കഥകളിയെ നെഞ്ചിലേറ്റിയ ഗ്രാമത്തിനുള്ള ദേശീയ ബഹുമതിയാണ് പുതിയ പേര്.
റവന്യു വകുപ്പിലടക്കം എല്ലാ സർക്കാർ രേഖകളിലും ഇനി അയിരൂർ കഥകളി ഗ്രാമം എന്നാകും രേഖപ്പെടുത്തുക.
അയിരൂർ തെക്ക് തപാൽ ഓഫീസ് കഥകളി ഗ്രാമം പി ഒ എന്നറിയപ്പെടും.
2010 ൽ ശ്രീജ വിമൽ അധ്യക്ഷയായിരുന്ന പഞ്ചായത്ത് ഭരണ സമിതിയാണ് പേര് മാറ്റത്തിനുള്ള നടപടികൾ തുടങ്ങിയത്.
നാടിനെ കഥകളി ഗ്രാമമെന്ന് ആദ്യം പ്രഖ്യാപിച്ചതും പഞ്ചായത്താണ്.
പിന്നീട് സംസ്ഥാന കേന്ദ്ര സർക്കാരുകളെ സമീപിച്ചു. വർഷങ്ങൾ നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ പേരിന് അംഗീകാരം നൽകിയത്.
2019-ൽ സംസ്ഥാനസർക്കാർ പേരുമാറ്റത്തിന്
അംഗീകാരം നൽകി. അന്നത്തെ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷനായ കേരള നെയിംസ് അതോറിറ്റി ഏകകണ്ഠമായി എടുത്ത തീരുമാനത്തിന് കേന്ദ്ര സർവേ ഡയറക്ടർ ജനറൽ അംഗീകാരം നൽകി.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടതോടെയാണ് പേരുമാറ്റത്തിന്റെ ഔദ്യോഗിക നടപടികൾ പൂർത്തിയായത്.