കോട്ടയം: സ്കൂള്‍, കോളജ് വിദ്യാർത്ഥികൾക്ക് വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങളുമായി യുവാവ് കോട്ടയത്ത് പിടിയില്‍. കാണക്കാരി കടപ്പൂർ സ്വദേശി അരുൺ രാജനെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. അരുൺ വാടകയ്ക്ക് എടുത്ത വീട്ടിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് 1750 പായ്ക്കറ്റ് ഹാൻസും 108 പാക്കറ്റ് കൂള്‍ ലിപ്പും കണ്ടെടുത്തത്.
കടകളിൽ ചോക്ലേറ്റും മറ്റ് മിഠായി ഉത്പന്നങ്ങളും വില്‍പ്പന നടത്തിയിരുന്ന ഇയാൾ ഇതിന്റെ മറവിലാണ് പുകയില ഉത്പന്നങ്ങൾ വിറ്റിരുന്നത്. കുറവിലങ്ങാട് എസ് എച്ച് ഒ നിർമ്മൽ ബോസ്, എസ് ഐ വിദ്യ വി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അതേസമയം, ഇടുക്കി ജില്ലയിൽ ലഹരി ഉപയോഗവും വിൽപ്പനയും വ്യാപകമാകുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. രണ്ടു മാസത്തിനിടെ ജില്ലയിൽ എക്സൈസ് റജിസ്റ്റർ ചെയ്തത് 88 ലഹരി കേസുകളാണ്.