കിണര്‍ വൃത്തിയാക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം; കിണറ്റില്‍ വീണ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കല്ലറവിളാകം സ്വദേശി സുജിത്ത് ആണ് മരിച്ചത്. കിണറ്റില്‍പ്പെട്ട മറ്റൊരു തൊഴിലാളിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സ് എത്തിയാണ് സുജിത്തിന്റെ മൃതദേഹം കരയ്‌ക്കെടുത്തത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വലിയകട സ്വദേശി ശിവകുമാറിന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സുജിത്തും ജിനില്‍കുമാര്‍ എന്ന മറ്റൊരു തൊഴിലാളിയും ചേര്‍ന്ന് കിണര്‍ വൃത്തിയാക്കുന്നതിനിടെ സുജിത്തിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞുവീണ സുജിത്ത് കിണറ്റിലേക്ക് വീഴുകയും വെള്ളത്തിലേക്ക് താഴ്ന്നുപോകുകയും ചെയ്തു.

സുജിത്തിനെ രക്ഷിക്കാന്‍ ജിനില്‍കുമാറും കിണറ്റിലിറങ്ങിയെങ്കിലും ജിനില്‍കുമാറും അപകടത്തില്‍പ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാര്‍ ജിനില്‍കുമാറിനെ രക്ഷപ്പെടുത്തി. പിന്നീട് ആറ്റിങ്ങലില്‍നിന്നെത്തിയ ഫയര്‍ഫോഴ്സ് ആണ് സുജിത്തിന്റെ മൃതദേഹം പുറത്തെടുത്തത്.
Previous Post Next Post