ബംഗളൂരുവില്‍ പുതിയ മെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊപ്പം യാത്ര

മെട്രോ ജീവനക്കാര്‍ക്കൊപ്പം പ്രധാനമന്ത്രി യാത്ര ചെയ്യുന്നു

 ബംഗളൂരു : ബംഗളൂരുവില്‍ പുതിയ മെട്രോ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം മെട്രോ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കൊപ്പം മോദി മെട്രോ യാത്ര നടത്തുകയും ചെയ്തു. കെആര്‍ പുരം മുതല്‍ വൈറ്റ്ഫീല്‍ഡ് വരെ 13.71 കിലോമീറ്റര്‍ വരെയാണ് പുതിയ മെട്രോ ലൈന്‍. 

4,249 കോടി രൂപയാണ് മെട്രോയുടെ നിര്‍മ്മാണ ചെലവ്. കെആര്‍ പുരം മുതല്‍ വൈറ്റ്ഫീല്‍ഡ് വരെ 12 സ്‌റ്റേഷനുകളാണ് ഉള്ളത്. 

കര്‍ണാടക ഗവര്‍ണറും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മെട്രോ യാഥാര്‍ഥ്യമായതോടെ ഈ റൂട്ടിലെ യാത്രകുരുക്കിന് വലിയ പരിഹാരമാകുമെന്നാണ് ബിഎംആര്‍സിയുടെ കണക്കൂകൂട്ടല്‍. പാതയില്‍ ഒട്ടേറെ ടെക്പാര്‍ക്കുകളും ബഹുരാഷ്ട്ര കമ്പനികളും ഉള്ളതിനാല്‍ യാത്രക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് നാളെ രാവിലെ 7ന് ആരംഭിക്കും. രാത്രി 11 വരെയാണ് സര്‍വീസ്. തിങ്കള്‍ മുതല്‍ രാവിലെ 5 മുതല്‍ രാത്രി 11 വരെ സര്‍വീസ് നടത്തും. 10 മിനിറ്റ് ഇടവേളയില്‍ 7 ട്രെയിനുകളാണ് ഇരുവശങ്ങളിലേക്കും സര്‍വീസ് നടത്തുക.
Previous Post Next Post