കോട്ടയം: മെഡിക്കൽ കോളേജ് മോർച്ചറി കേന്ദ്രീകരിച്ച് നടക്കുന്നത് വൻ തട്ടിപ്പ്. ആശുപത്രിയുമായി യാതൊരു ബന്ധവുമില്ലാത്ത ഫോട്ടോഗ്രാഫറുടെ കഴുത്തിൽ ആശുപത്രിയുടെ ഐഡി കാർഡും ഇയാളുടെ വാഹനത്തിൽ ആശുപത്രി ജീവനക്കാരെന്ന് തിരിച്ചറിയാനായി വാഹനത്തിലൊട്ടിക്കുന്ന സ്റ്റിക്കറും പതിച്ചിരിക്കുന്നു. ആശുപത്രിയുമായി യാതൊരു ബന്ധവുമില്ലാത്ത ഇയാൾക്ക് ഐഡി കാർഡും സ്റ്റിക്കറും ലഭിച്ചതിന് പിന്നിൽ ദുരൂഹതയുള്ളതായി ജീവനക്കാർ തന്നെ പറയുന്നു.
മൃതദേഹങ്ങള്‍ക്ക് വേണ്ടി വാങ്ങുന്ന മുണ്ടും ഷര്‍ട്ടും ചീപ്പും വരെ അടിച്ചു മാറ്റി വില്‍ക്കുന്ന ജീവനക്കാർ ആശുപത്രിയിൽ ഉള്ളതായാണ് പുറത്ത് വരുന്ന വിവരം. വ്യാജ ഐഡി കാർഡുമായി മെഡിക്കൽ കോളേജിൽ നിരവധി പേർ കറങ്ങിനടക്കുന്നതായി സൂചനയുണ്ട്. ഇവർ കാണിക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ ആശുപത്രിയുടെ സൽപ്പേരിന് തന്നെ കളങ്കമായി മാറിയിട്ടുണ്ട്.
മൃതദേഹങ്ങളുടെ ഫോട്ടോ എടുക്കുന്നതിന് അമിത ചാർജ് വാങ്ങുന്നതായി മുൻപ് വാർത്ത ഉണ്ടായിരുന്നു. ഈ വിഷയത്തിൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്.
പോസ്റ്റുമോര്‍ട്ടത്തിന് മൃതദേഹം എടുക്കുമ്ബോള്‍ പുതിയ മുണ്ട്, ഷര്‍ട്ട്, തലയണ, പൗഡര്‍, സ്പ്രേ തുടങ്ങിയവ ബന്ധുക്കളെക്കൊണ്ട് ജീവനക്കാര്‍ വാങ്ങിപ്പിക്കും. ദിവസം ഒരു ഡസന്‍ പോസ്റ്റുമോര്‍ട്ടം വരെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ നടക്കാറുണ്ട്. ഒന്നോ രണ്ടോപേര്‍ക്കായി വാങ്ങുന്ന സാധനങ്ങളാണ് മറ്റ് മൃതദേഹങ്ങൾക്കും ഉപയോഗിക്കുന്നതെന്നാണ് ആക്ഷേപം. ബാക്കി സ്ഥിരം കടയില്‍ വിറ്റ് ജീവനക്കാര്‍ പണം വീതിച്ചെടുക്കും.
ചില സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അമിത വണ്ടിക്കൂലിയ്ക്ക് പുറമെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് പുറത്തെത്തിക്കാന്‍ ഒപ്പം കൂടി 500 രൂപ വരെ വാങ്ങുന്നതും പതിവാണ്.
പോസ്റ്റുമോര്‍ട്ടം നടക്കുന്ന സ്ഥലത്ത് പുറത്ത് നിന്നുള്ളവരെ പ്രവേശിപ്പിക്കരുതെന്നാണ് നിയമമെങ്കിലും സഹായികളായി കൂടുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരെയും, ഫോട്ടോഗ്രാഫര്‍മാരെയും ആരും തടയാറില്ല. ഇവർക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സർവ്വസ്വാതന്ത്ര്യമാണ്.