കൊല്ലം കടയ്‌ക്കലിൽ പെണ്‍കുട്ടിയെ മർദ്ദിക്കുകയും ഓട്ടോറിക്ഷാ ഡ്രൈവറുടെ കൈ തല്ലി ഒടിക്കുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ. സംഭവത്തിൽ പാങ്ങലുകാട്ടിൽ സ്വദേശി അൻസിയ ബീവിയാണ് പിടിയിലായത്. കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അൻസിയയെ അറസ്റ്റ് ചെയ്യ്തത്.
പാങ്ങലുകാട്ടിൽ ലേഡീസ് സ്റ്റോർ നടത്തി വരികയായിരുന്നു അൻസിയ. തന്റെ കടയുടെ മുന്നിൽ വാഹനങ്ങൾ നിര്‍ത്തിയിട്ടാൽ വഴക്കുണ്ടാക്കുന്നതും നിരന്തരം അക്രമങ്ങൾ സൃഷ്ടിക്കുന്നതും പതിവായിരുന്നു. ഇത്തരത്തിൽ ദിവസങ്ങൾക്ക് മുമ്പ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടിയെ നടുറോഡിലിട്ട് അൻസിയ മര്‍ദ്ദിച്ചിരുന്നു. ഈ അക്രമ ദൃശ്യങ്ങൾ ഫോണിൽ പകര്‍ത്തിയെന്നാരോപിച്ചാണ് ഓട്ടോ ഡ്രൈവറെ കൈ കമ്പി വടി കൊണ്ട് തല്ലിയൊടിച്ചത്.
പെണ്‍കുട്ടിയെ മർദ്ദിച്ചതിന് പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം അൻസിയക്കെതിരെ കൊട്ടാരക്കര ഡിവൈഎസ്പി കേസെടുത്തിരുന്നു. ഇതിനു പിന്നാലെ യുവതി കൈ തല്ലിയൊടിച്ച ഓട്ടോ ഡ്രൈവറായ വിജിത്തും പരാതി നൽകി. ഇതേതുടർന്നാണ് ഇന്നലെ കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലെത്തിയ സംഘം അൻസിയയെ അറസ്റ്റ് ചെയ്തത്.
മുമ്പും കത്തിയുമായി യുവതി റോഡിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. അന്നും പൊലീസ് ഇടപെട്ടാണ് പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. നിലവിൽ യുവതിയുടെ മകന്റെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുത്തിരിക്കുകയാണ്.