കോട്ടയം : മണർകാട് പോലീസ് സബ് ഇൻസ്പെക്ടർ ഷമീർഖാനെതിരെ ഉചിതമായ വകുപ്പുതല നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
ചിങ്ങവനം പോലീസ് സബ് ഇൻസ്പെക്ടർ ആയിരിക്കെ സിവിൽ കേസിൽ ഇടപെട്ട് കക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ഷമീർ ഖാനെതിരെ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നടപടിക്ക് ഉത്തരവിട്ടത്. സംസ്ഥാന പോലീസ് മേധാവിക്കാണ് ഉത്തരവ് നൽകിയിരിക്കുന്നത്.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ഏപ്രിൽ 24 നകം സംസ്ഥാന പോലീസ് മേധാവി കമ്മീഷനെ അറിയിക്കണം. 29 ന് കേസ് വീണ്ടും പരിഗണിക്കും.
ഇത്തിത്താനം ഗോപാലകൃഷ്ണ വിലാസത്തിൽ ഹരീന്ദ്രൻ പിള്ള സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരൻ വീട് നിർമ്മിക്കുന്നതിന് ശ്രീജിത്ത് എന്നയാളുമായി കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ കരാറുകാരൻ കരാർ വ്യവസ്ഥകൾ ലംഘിച്ചു.
കരാറുകാരൻ ഇലക്ട്രിക് സാധനങ്ങൾ വാങ്ങിയ വകയിലുള്ള പണം താൻ നൽകണമെന്ന് ചിങ്ങവനം എസ്. ഐ. ഷമീർഖാൻ ആവശ്യപ്പെട്ടെന്നാണ് പരാതി.
ഇലക്ട്രിക് കടയുടമയായ ശിവൻകുട്ടിക്ക് എസ്. ഐ. ഒത്താശ ചെയ്ത് കൊടുത്തതിന്റെ ഫലമായി പരാതിക്കാരന്റെ ഭാര്യക്ക് 30,000 രൂപ കരാറുകാരന് നൽകേണ്ടി വന്നെന്നും പരാതിയിൽ പറയുന്നു.
എന്നാൽ കമ്മീഷന്റെ നിർദ്ദേശാനുസരണം അന്വേഷണം നടത്തിയ ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി. ആരോപണം നിഷേധിച്ചു.
തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു. സിവിൽ സ്വഭാവമുള്ള വിഷയത്തിൽ പോലീസ് ഇടപെടരുതെന്ന സംസ്ഥാന പോലീസ് മേധാവിയുടെ സർക്കുലർ എസ്.ഐ. ലംഘിച്ചതായി അന്വേഷണ വിഭാഗം കണ്ടെത്തി. ഇതിനെതിരെ ആക്ഷേപമുണ്ടെങ്കിൽ ബോധിപ്പിക്കാൻ എസ്.ഐ.ക്ക് അവസരം നൽകിയെങ്കിലും കമ്മീഷന്റെ നോട്ടീസുകൾ എസ്.ഐ. അവഗണിച്ചു.
അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലുകൾക്ക് എസ്.ഐ. മറുപടി നൽകിയതുമില്ല. ഇതിൽ നിന്നും അന്വേഷണവിഭാഗത്തിന്റെ കണ്ടെത്തലുകൾ എസ്.ഐ. അംഗീകരിച്ചതായി കമ്മീഷൻ നിരീക്ഷിച്ചു.
പരാതിക്കാരന്റെ ഭാര്യ നൽകിയ 30,000 രുപ തിരികെ വാങ്ങി നൽകണമെന്ന ആവശ്യം കമ്മീഷൻ അംഗീകരിച്ചില്ല. ഇത് കമ്മീഷന്റെ അധികാര പരിധിയിൽ വരുന്നതല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.