ജനകീയ പ്രതിരോധ ജാഥയെ പാമ്പാടി വരവേറ്റു. സ്വീകരണത്തിന് എത്തിയത് ആയിരങ്ങൾ ..ചെങ്കടലായി പാമ്പാടി

പാമ്പാടി:തൊഴിലാളിവർഗ മുന്നേറ്റങ്ങളുടെ നാട്‌ ചുവപ്പിൽ മുങ്ങി. ബസ്‌സ്‌റ്റാൻഡ്‌ മൈതാനത്തേക്ക്‌ ഒഴുകിയെത്തിയ ആയിരങ്ങളുടെ കണ്‌ഠത്തിൽനിന്നുയർന്ന ആവേശോജ്വലമായ മുദ്രാവാക്യങ്ങളോടെ ജനകീയ പ്രതിരോധ ജാഥയെ പാമ്പാടി വരവേറ്റു.  
  ശനിയാഴ്‌ച ജില്ലയിലെ ആദ്യ സ്വീകരണകേന്ദ്രമായിരുന്ന പാമ്പാടിയിൽ രാവിലെ മുതൽ ജനങ്ങൾ എത്തിത്തുടങ്ങിയിരുന്നു. പുലികളിയും ചെണ്ടമേളവും കാവടിയുമെല്ലാം നാടിനെ ഉത്സവഛായയിലാക്കി. കൂട്ടത്തിൽ തലയെടുപ്പോടെ യന്ത്ര  ആനയുമുണ്ടായിരുന്നു. വൈക്കപ്രയാർ സ്വദേശി കനകാംബരൻ പുറവേലിൽ നിർമിച്ച ആനയാണ്‌ സ്വീകരണകേന്ദ്രത്തിലെ കൗതുകമായത്‌

.
  ചന്തക്കവലയിൽ കാത്തുനിന്ന ജനക്കൂട്ടത്തിനിടയിലേക്ക്‌ ജാഥാ ക്യാപ്‌റ്റൻ എം വി ഗോവിന്ദൻ എത്തിയപ്പോൾ ആവേശം പാരമ്യത്തിലായി. തുറന്ന വാഹനത്തിൽ സ്വീകരണകേന്ദ്രമായ ബസ്‌സ്‌റ്റാൻഡ്‌ മൈതാനത്തേക്ക്‌. ഗവ. ചീഫ്‌ വിപ്പ്‌ ഡോ. എൻ ജയരാജ്‌ സ്വീകരണത്തിൽ പങ്കെടുത്തു. ജാഥയെ സ്വീകരിക്കാൻ ക്രൈസ്‌തവ പുരോഹിതരും എത്തിയിരുന്നു. മണർകാട്‌ സെന്റ്‌ മേരീസ്‌ പള്ളി സഹവികാരിമാരായ ഫാ. കെ കുര്യാക്കോസ്‌ കോർ എപ്പിസ്‌കോപ്പ, ഫാ. ജെ മാത്യു മണവത്ത്‌, ഫാ. കെ എം ജോർജ്‌ കുന്നേൽ, ഫാ. ലിറ്റു ജേക്കബ്‌, പാഠപുസ്‌തക റിവ്യു കമ്മിറ്റി മുൻ അംഗം ഫാ. അലക്‌സ്‌ തോമസ്‌ എന്നിവരാണ്‌ പങ്കെടുത്തത്‌.
  കെ ആർ നാരായണൻ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ ജാഥാ ക്യാപ്‌റ്റനെ കണ്ട്‌ നന്ദി അറിയിച്ചു. ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരം ഒത്തുതീർപ്പാക്കിയത്‌ സർക്കാരിന്റെ ഇടപെടലിലൂടെയായിരുന്നു. സംരംഭക വർഷത്തിൽ പുതുതായി സംരംഭം തുടങ്ങി വിജയിച്ച കുടുംബശ്രീ അംഗങ്ങൾ അവരുടെ ഉൽപന്നം ക്യാപ്‌റ്റന്‌ നൽകി.
സഹകരണമന്ത്രി വി എൻ വാസവൻ, സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി ആർ രഘുനാഥൻ, കെ എം രാധാകൃഷ്‌ണൻ, കൃഷ്‌ണകുമാരി രാജശേഖരൻ, പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ്‌ പി വർഗീസ്‌, അയർക്കുന്നം ഏരിയാ സെക്രട്ടറി പി എൻ ബിനു, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിന്ദു, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.


  
أحدث أقدم