കൊച്ചി : ബ്രഹ്മപുരം മാലിന്യപ്ലാന്‍റ് തീപിടിത്തത്തെ സംബന്ധിച്ച ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ വിഷയത്തിൽ പ്രതികരണവുമായി എത്തുകയാണ്.
ഇപ്പോഴിതാ
ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നുവെന്ന് പറയുകയാണ് നടി മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിലൂടെ ആണ് നടിയുടെ പ്രതികരണം.
‘ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നു. ഒപ്പം നമ്മുടെ മനസ്സും. തീയണയ്ക്കാൻ പെടാപ്പാടുപെടുന്ന അഗ്നിശമന സേനയ്ക്ക് സല്യൂട്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാം. തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ. കൊച്ചി സ്മാർട്ട് ആയി മടങ്ങി വരും!’, എന്നാണ് മഞ്ജു വാര്യർ കുറിച്ചത്.
അതേസമയം, ബ്രഹ്മപുരത്തെ തീപിടിത്തത്തെ ന്യായീകരിക്കുന്നവര്‍ക്കെതിരെ രമേഷ് പിഷാരടിയുടെ കുറിപ്പും വന്നു.
തീപിടിത്തത്തില്‍ കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞു തടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനോട് അനുതാപമാണ് എന്നാണ് രമേഷ് പിഷാരടി കുറിച്ചത്.
ബ്രഹ്മപുരത്ത് ഇതുവരെ 899 പേർ ചികിത്സ തേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ അടക്കം നിരവധി പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവർക്ക് കൃത്യമായ ചികിത്സ നൽകും. കൂടുതൽ ആളുകളും ഡിസ്ചാർജ് ആയി. തലവേദന, തൊണ്ട വേദന, കണ്ണുനീറ്റൽ എന്നിവയാണ് പ്രധാന ആരോഗ്യ പ്രശ്നങ്ങൾ.
കുഞ്ഞുങ്ങൾ, പ്രായമുള്ളവർ, രോഗബാധിതർ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്നും മാസ്ക് ധരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.