തിരുവനന്തപുരം : മലയാളത്തിൻ്റെ പ്രിയ സാഹിത്യകാരി സാറാ തോമസ് (88) വിട വാങ്ങി.
പുലർച്ചെ മകളുടെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.വാർധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു.
17 നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയ സാറാ തോമസ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
സംസ്കാരം നാളെ പാറ്റൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയില്‍ നടക്കും.
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയായ സാറാ തോമസിന്റെ ആദ്യ നോവൽ ‘ജീവിതം എന്ന നദി'യാണ്.
നാർമടിപ്പുടവ എന്ന നോവലാണ് ഏറ്റവും ശ്രദ്ധേയമായ കൃതി.
ദൈവമക്കൾ, മുറിപ്പാടുകൾ, വേലക്കാർ തുടങ്ങി നിരവധി കൃതികളും ഡോ.സാറയുടെതായി വായനക്കാർ ഏറ്റെടുത്തിട്ടുണ്ട്.
നാർമടിപ്പുടവയ്ക്കും സമഗ്ര സംഭാവനയ്ക്കുമായി രണ്ടുതവണ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
സാറാ തോമസിൻ്റെ
മുറിപ്പാടുകൾ എന്ന നോവലാണ് പി.എ ബക്കർ മണിമുഴക്കം എന്ന പേരിൽ പിന്നീട് സിനിമയാക്കിയത്. ദേശീയ ചലച്ചിത്ര അവാർഡ് അടക്കം ഈ സിനിമ കരസ്ഥമാക്കി.
അസ്തമയം, പവിഴമുത്ത്, അർച്ചന എന്നീ നോവലുകളും സിനിമയായി.