കൂത്താട്ടുകുളം ഡിപ്പോയിലെ ഡ്രൈവർ ബിനു ജോൺ, കണ്ടക്ടർ പ്രാൺകുമാർ എന്നിവരാണ് ബസ് നിർത്തി രക്ഷാപ്രവർത്തകരായത്. പാൽ കടകളിലെത്തിക്കുന്ന കണ്ടത്തിൽ ഫുട് പ്രൊഡക്ട്‌സിലെ ജീവനക്കാരനായ ഗുഡ്സ് ഓട്ടോ ഡ്രൈവർ കെ എസ് ബാബുവാണ് ഓട്ടോ മറിഞ്ഞ് വഴിയിൽ കുരുങ്ങിക്കിടന്നത്.
കൂത്താട്ടുകുളത്തുനിന്ന് എറണാകുളത്തേക്കുള്ള സർവീസിനിടെ വ്യാഴം പുലർച്ചെ 5.40നാണ് അഞ്ചൽപ്പെട്ടിയിൽവച്ച് അപകടം ബസ് ഡ്രൈവർ ബിനുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. യാത്രക്കാരുടെ സഹായത്തോടെ വാഹനം നിവർത്തി ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ബാബുവിനെ പിറവം താലൂക്കാശുപത്രിയിൽ എത്തിച്ചശേഷം ബസ് എറണാകുളത്തേക്കുള്ള സർവീസ് തുടർന്നു. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ ബാബുവിന്റെ നട്ടെല്ലിന് ക്ഷതം ഏറ്റിട്ടുണ്ട്.