മുംബൈ : നീന്തല്‍ക്കുളത്തിലേക്ക് ഉയരത്തില്‍ നിന്ന് ചാടിയ യുവാവ് ദേഹത്ത് വീണ് 72കാരന് ദാരുണാന്ത്യം. നീന്തുന്നതിനിടെ വിഷ്ണു സാമന്തിന്റെ ദേഹത്തേയ്ക്ക് ആണ് മുകളില്‍ നിന്ന് യുവാവ് വീണത്. നീന്തല്‍ക്കുളം ലക്ഷ്യമാക്കി ചാടിയ 20കാരന്‍ അബദ്ധത്തില്‍ 72കാരന്റെ ദേഹത്ത് വീഴുകയായിരുന്നു.
മുംബൈയില്‍ ഞായറാഴ്ച വൈകീട്ട് ഓസോണ്‍ നീന്തല്‍ക്കുളത്തിലാണ് സംഭവം. 20കാരന്‍ ദേഹത്ത് വീണതിനെ തുടര്‍ന്ന് കഴുത്തിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റാണ് വിഷ്ണു സാമന്ത് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
വിഷ്ണു സാമന്തിന്റെ ഭാര്യയുടെ പരാതിയില്‍ 20കാരനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. അശ്രദ്ധ കാരണമുള്ള മരണം എന്ന വകുപ്പ് ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്