ഡെറാഡൂൺ : പുതുവത്സരത്തിലെ ആദ്യ ദിവസത്തെ സൂചിപ്പിക്കുന്ന വൈശാഖി ദിനത്തിൽ ഗംഗയിൽ മുങ്ങി നിവർന്ന് പതിനായിരങ്ങൾ.
ഗംഗാ നദിയിൽ സ്‌നാനം ചെയ്യാനായി നിരവധി ഭക്തരാണ് ഹർ കി പൗരിയിലെത്തിയത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരാണ് കൂടുതലായും പുണ്യസ്‌നാനം ചെയ്യാൻ ഗംഗയിലെത്തിയത്.
ഇന്ന് പുലർച്ചെ മുതൽ ഗംഗാ നദീത്തീരത്തും പരിസര പ്രദേശങ്ങളിലും കടുത്ത ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
സ്‌നാനം ചെയ്യാൻ എത്തുന്ന ഭക്തർക്ക് ആവശ്യമായ എല്ലാ സജീകരണങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ കർശനമായ സുരക്ഷാ സംവിധാനങ്ങളാണ് ഗംഗാ പരിസരത്ത് സജ്ജമാക്കിയിരിക്കുന്നത്.
ഗംഗയിലെ മുഴുവൻ പ്രദേശത്തെയും 4 സൂപ്പർ സോണുകൾ, 15 സോണുകൾ, 39 സെക്ടറുകൾ എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ട്. ജാഗ്രത നിലനിർത്താൻ സിസിടിവികൾ സ്ഥാപിക്കുകയും ഭക്തരുടെ സുരക്ഷയ്‌ക്കായി ആയിരത്തോളം ഉദ്യോഗസ്ഥരെ വിന്യസിച്ചതായി പോലീസ് അറയിച്ചു.
വടക്കേ ഇന്ത്യയിൽ വസന്തകാലത്തിന്റെയും വിളവെടുപ്പിന്റെയും ആഘോഷമാണ് വൈശാഖി ദിനം. ഒരു വർഷത്തിന്റെ തുടക്കമെന്ന നിലയിലാണ് ആളുകൾ വൈശാഖി ദിനം ആചരിക്കുന്നത്.