യു .പി : കൈവിലങ്ങുമായി ജയിൽ തടവുകാരൻ മദ്യഷോപ്പിൽ നിന്ന് മദ്യം വാങ്ങുന്ന വീഡിയോ വൈറൽ. പൊലീസ് ഉദ്യോഗസ്ഥൻ തടവുകാരനെ മദ്യം വാങ്ങാൻ സഹായിക്കുന്നതും വീഡിയോയിൽ കാണാം. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടു. തടവുകാരനെ പൊലീസ് സ്റ്റേഷനിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിലാണ് സംഭവം.
രണ്ട് പൊലീസുകാരുടെ അകമ്പടിയോടെയാണ് പ്രതിയെ പൊലീസ് വാഹനത്തിൽ കോടതിയിലേക്ക് കൊണ്ടുപോയത്. യാത്രാമധ്യേ, മദ്യശാലയുടെ മുന്നിൽ നിർത്തി പ്രതി മദ്യം വാങ്ങാൻ പോയി. ഇതിനായി പൊലീസുകാരിൽ ഒരാൾ സഹായിച്ചതായി ആരോപണമുയർന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വഴിയാത്രക്കാരനാണ് ക്യാമറയിൽ പകർത്തിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പുറംലോകമറിഞ്ഞത്. തുടർന്ന് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. തടവുകാരനെ മദ്യം വാങ്ങാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് സൂപ്രണ്ട് (എസ്പി) ഉത്തരവിട്ടു. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു.