കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയെ കാണാനില്ലെന്ന് മകന്റെ പരാതി.
തിങ്കളാഴ്ച ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിലേക്ക്
പോയ തന്റെ പിതാവിനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് മകന്റെ പരാതിയിൽ പറയുന്നു. എയർപോർട്ട് പൊലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകി എന്ന് മകൻ പറഞ്ഞു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പിതാവുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് മകൻ പറയുന്നു. ജി ഇ 898 വിമാനത്തിലാണ് മുകുള്‍ റോയ് ഡൽഹിയിലേക്ക് പോയത്. 9.55ന് വിമാനം ഡൽഹിയിലെത്തുകുയും ചെയ്തു. എന്നാൽ പിതാവിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടുന്നില്ലെന്ന് മകൻ പ്രതികരിച്ചു.
മകനുമായി വഴക്കുണ്ടായ ശേഷമാണ് മുകുള്‍ റോയ് ഡൽഹിയിലേക്ക് പോയതെന്നാണ് ചില ബന്ധുക്കള്‍ പ്രതികരിക്കുന്നത്. ഭാര്യയുടെ മരണ ശേഷം ശാരീരിക ബുദ്ധിമുട്ടുകളുണ്ടായ മുകുള്‍ റോയിയെ ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മുൻ റെയിൽവേ മന്ത്രിയായിരുന്ന മുകുൾ റോയ് കഴിഞ്ഞ ഒന്നര കൊല്ലമായി സജീവ രാഷ്ട്രീയത്തിലില്ല. തൃണമൂൽ കോണ്‍ഗ്രസിന്‍റെ സ്ഥാപക നേതാക്കളിൽ ഒരാളായ മുകുൾ റോയ് മമത ബാനര്‍ജിയുടെ മരുമകൻ അഭിഷേക് ബാനര്‍ജിക്ക് പാർട്ടിയിൽ ലഭിക്കുന്ന അമിത പ്രാധാന്യത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടിരുന്നു. 2017ൽ പാര്‍ടി വിട്ട മുകുള്‍ റോയ് ബിജെപിയില്‍ ചേർന്നു.
എന്നാല്‍ 2021ല്‍ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷന്‍ പദവി വരെയെത്തിയ മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സുവേന്ദു അധികാരിയെ പ്രതിപക്ഷ നേതാവാക്കിയതോടെയാണ് മുകുൾ റോയ് ബിജെപിയുമായി തെറ്റി വീണ്ടും പഴയ തട്ടകത്തിൽ തിരിച്ചെത്തിയത്.