മൂന്നാര്‍ : മന്ത്രി വേദിയിലിരിക്കെ വനംവകുപ്പിനെയും ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രിയും എം എല്‍ എയുമായ എം എം മണി. എല്ലാ പ്രശ്‌നങ്ങള്‍ക്കും മുഖ്യ കാരണം ഉദ്യോഗസ്ഥരായ ഇവന്‍മാരാണ് എന്നാണ് എം എം മണി പറഞ്ഞത്. വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ വനം സൗഹൃദ സദസ്സ് പരിപാടിയില്‍ എം എം മണിയുടെയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെയും പേര് ഒഴിവാക്കിയതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്.
“ഞാനില്ലാത്ത ജില്ലയിലെ പരിപാടി എന്നു പറഞ്ഞാ എന്നതാണ്. എന്നെ ഫോറസ്റ്റുകാര്‍ക്ക് ഇഷ്ടമില്ലാത്തതിനാലാണ് എന്റെ പേര് ഒഴിവാക്കിയത്. ഇപ്പോള്‍ വന്നത് മന്ത്രി വിളിച്ചിട്ടാണ്. അരിക്കൊമ്പന്‍ വിഷത്തില്‍ കോടതിയില്‍ കേസ് വന്നതിന് പിന്നില്‍ കളിച്ചത് വനപാലകരാണ്. മനപൂര്‍വ്വമായി എന്നെ ഒഴിവാക്കിയതിന് പിന്നില്‍ ഗൂഢനീക്കം ഉണ്ട്.
എന്റെ പൊന്ന് മന്ത്രി നിങ്ങള്‍ പറയുന്നത് ഉദ്യോഗസ്ഥന്‍മാരായ ഇവന്‍മാര് കേള്‍ക്കില്ല. ഒരു നിലക്കൊന്നും ഇവര്‍ പോകില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആനകള്‍ കൂട്ടമായി എത്തുന്നു. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ ജനങ്ങളോട് കൂറ് പുലര്‍ത്തുന്നില്ല.” എം എം മണി കുറ്റപ്പെടുത്തി.
പരിപാടിയില്‍ തന്റെ പേര് ഉള്‍പ്പെടുത്താതിനെതിരെ രൂക്ഷമായ ഭാഷയിലാണ് മണി വിമര്‍ശനമുന്നയിച്ചത്. വേദിയില്‍ വനം മന്ത്രിയുടെ മുഖത്ത് നോക്കിയായിരുന്നു എം എല്‍ എയുടെ വിമര്‍ശനം.
‘മര്യാദയെങ്കില്‍ മര്യാദ, ഇല്ലങ്കില്‍ നാട്ടുകാര്‍ മര്യാദകേട് കാണിക്കും. ഞാന്‍ അങ്ങനെ ഒഴിവാക്കേണ്ടിയ ആളാണോ? അത് ഒരുമാതിരി പണിയാ, അത് നമ്മുടെയത്ത് കാണിക്കരുത്. നന്നായി പോയാൽ നന്നായി പോകാം. അല്ലെങ്കില്‍ ജനങ്ങള്‍ മനസിലാക്കി തരും. മന്ത്രി എടോ, ഇവിടെ ആരും കൈയ്യേറ്റക്കാരല്ല. രാജഭരണകാലത്താണ് ഇവിടെ ഭൂമി നല്‍കിയത്’ എന്നും അദ്ദേഹം പറഞ്ഞു.
എം എം മണിയുടെ പേര് നോട്ടീസിൽ ഉൾപ്പെടുത്താതിരുന്നത് പരിശോധിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പ്രതികരിച്ചു. യോഗത്തിൽ അധ്യക്ഷനാവാനുള്ള യോഗ്യത എം എം മണിക്ക് ഉണ്ടായിരുന്നു. ഉദ്യോഗസ്ഥർക്ക് തെറ്റിദ്ധാരണ സംഭവിച്ചതാകാമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.