ആലപ്പുഴ : ഒന്നര വര്‍ഷത്തിലേറെയായി പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ ശേഷം കോടതിയിൽ കീഴടങ്ങിയ വ്യാജ അഭിഭാഷക സെസി സേവ്യര്‍ റിമാൻഡിൽ.
മതിയായ വിദ്യാഭ്യാസം ഇല്ലാതെ നിയമ പ്രാക്ടീസ് നടത്തുകയും, പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ കാണാതായി, കഴിഞ്ഞ 21 മാസമായി പൊലീസിന് പിടികൊടുക്കാതിരുന്ന കുട്ടനാട് രാമങ്കരി നീണ്ടിശ്ശേരി വീട്ടില്‍ സെസി സേവ്യര്‍(29) ചൊവ്വാഴ്ച ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്.
അഭിഭാഷക ചമഞ്ഞ് ആള്‍മാറാട്ടം നടത്തി നീതിന്യായ വ്യവസ്ഥയെ വഞ്ചിച്ചതിന് 2021 ജുലായ് 15-നാണ് സെസി സേവ്യര്‍ക്കെതിരെ ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
യോഗ്യതയില്ലാതെ രണ്ടര വര്‍ഷത്തോളമാണ് ഇവര്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തത്. ഇതിന് മറ്റൊരു അഭിഭാഷകയുടെ ബാര്‍ കൗണ്‍സില്‍ റോള്‍ നമ്പരും നല്‍കി.
ആലപ്പുഴ ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് അസോസിയേഷന്‍ ലൈബ്രേറിയനായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ഇവരുടെ യോഗ്യത സംബന്ധിച്ച സംശയം ഉയര്‍ന്നത്. സെസിക്ക് മതിയായ യോഗ്യതകളില്ലെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ ബാര്‍ അസോസിയേഷന് ഒരു കത്ത് ലഭിച്ചിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിക്ക് നിയമബിരുദമില്ലെന്ന് കണ്ടെത്തിയത്.
ഇതിനിടെ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാനും അസോസിയേഷന്‍ സെസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യോഗ്യത സംബന്ധിച്ച രേഖകളൊന്നും സമര്‍പ്പിക്കാതിരുന്നതോടെ ബാര്‍ അസോസിയേഷന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോള്‍ നമ്പര്‍ ഉപയോഗിച്ചാണ് സെസി പ്രാക്ടീസ് നടത്തിയിരുന്നതെന്നും തെളിഞ്ഞിരുന്നു.
പൊലീസ് അന്വേഷണം ആരംഭിച്ചതോടെ സെസി ഒളിവില്‍ പോയി. പിന്നീട് ആലപ്പുഴ സിജെഎം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയെങ്കിലും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയെന്നറിഞ്ഞതോടെ ഹാജരാകാതെ മുങ്ങുകയായിരുന്നു.
പരീക്ഷ ജയിക്കാതെയും എൻറോള്‍ ചെയ്യാതെയും കോടതിയെയും സഹ അഭിഭാഷകരെയും കബളിപ്പിച്ച് രണ്ടര വര്‍ഷമായി സെസി ആലപ്പുഴയില്‍ പ്രാക്ടീസ് ചെയ്തിരുന്നതായാണ് പരാതി.
2011-ലെ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയെ തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് പൊലീസ് വഞ്ചനാകേസ് രജിസ്റ്റര്‍ ചെയ്തത്.
സെസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ആലപ്പുഴ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു.
എന്നാല്‍ സെസി ഒളിവില്‍ പോവുകയായിരുന്നു. പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ലുക്ക് ഔട്ട് നോട്ടീസും ഇറക്കി. ചൊവ്വാഴ്ച കായംകുളത്തെ അഭിഭാഷകന്‍ മുഖേനെയാണ് സെസി ആലപ്പുഴ സി.ജെ.എം കോടതിയില്‍ ഹാജരായത്. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.