ട്രാന്‍സ്ഫോമര്‍ മോഷ്ടിച്ച് പെട്ടി ഓട്ടോറിക്ഷയിൽ കടത്താന്‍ ശ്രമം; പ്രതി പിടിയിൽ;


കൊച്ചി: ചേരാനല്ലൂരില്‍ ട്രാന്‍സ്ഫോമര്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കൊല്‍ക്കത്ത സ്വദേശി മുഹമ്മദ് റൂബല്‍ മൊല്ലയാണ് പടിയിലായത്. വിഷു ദിനത്തില്‍ രാവിലെയോടെയായിരുന്നു ഇയാള്‍ ട്രാന്‍സ്ഫോമര്‍ മോഷ്ടിച്ച് പെട്ടിയോട്ടോയില്‍ കടത്താന്‍ ശ്രമിച്ചത്.
പുലര്‍ച്ചെ മൂന്ന് മണിക്ക് ചേരാനല്ലൂര്‍ ജയകേരള ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ട്രാന്‍സ്ഫോമര്‍ ആണ് മുഹമ്മദ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഇതുമായി പെട്ടിയോട്ടോയില്‍ പോകുന്നതിനിടെ വിഷുക്കണിയുമായി എത്തിയ സംഘത്തിന്റെ മുന്‍പില്‍ പെടുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികളും സംഘവും ചേര്‍ന്ന് വാഹനം തടഞ്ഞു. ഇതോടെ വണ്ടിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
മോഷണ വിവരം ഉടന്‍ കെഎസ്ഇബിയെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചത് പ്രകാരം പോലീസ് എത്തി മുഹമ്മദിനെ കസ്റ്റഡിയില്‍ എടുത്തു. പെട്ടിയോട്ടോയും ട്രാന്‍സ്ഫോമറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂട്ടുപ്രതികളെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമായി തുടരുകയാണ്.

മുഹമ്മദ് റൂബല്‍ മൊല്ല പോലീസ് കസ്റ്റഡിയിലാണ്. ഇവര്‍ കടത്താന്‍ ശ്രമിച്ച ട്രാന്‍സ്ഫോമറിന് ഏകദേശം ഒരു ലക്ഷം രൂപ വിലവരും. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.


Previous Post Next Post