ഹണിട്രാപ്പ് ; കൊച്ചിയിലെ ഡോക്ടറിൽനിന്ന് അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ


 കൊച്ചി : ഡോക്ടറെ ഹണിട്രാപ്പില്‍ കുടുക്കി അഞ്ചരലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശിനി നസ്രിയ, ഇടുക്കി സ്വദേശി മുഹമ്മദ് അമീന്‍ എന്നിവരാണ് പിടിയിലായത്. 

ഏപ്രില്‍ അഞ്ചാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.

കൊച്ചിയിലെ ഡോക്ടറുമായി മൊബൈല്‍ഫോണ്‍ വഴിയാണ് നസ്രിയ പരിചയം സ്ഥാപിക്കുന്നത്. സൗഹൃദത്തിലായ ഇരുവരും ചാറ്റിങ് തുടര്‍ന്നു. ഇതിനിടെ, തന്റെ ചികിത്സയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് യുവതി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി.

ഈ സമയത്ത് രണ്ടാം പ്രതിയായ അമീനും ഇവിടെയെത്തി. ഇയാള്‍ ഇരുവരുടെയും സ്വകാര്യചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി. ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 45,000 രൂപ ഡോക്ടറില്‍നിന്ന് ഗൂഗിള്‍പേ വഴി കൈക്കലാക്കി.
ഡോക്ടര്‍ വന്ന 
കാറും പ്രതികള്‍ തട്ടിയെടുത്തു.

പിറ്റേദിവസവും പ്രതികള്‍ പണം ആവശ്യപ്പെട്ട് ഡോക്ടറെ സമീപിച്ചു. തട്ടിയെടുത്ത വാഹനം തിരികെ നല്‍കി അഞ്ചുലക്ഷം രൂപ ഡോക്ടറില്‍നിന്ന് കൈക്കലാക്കി. ഇതിനുശേഷവും അഞ്ചുലക്ഷം കൂടി ആവശ്യപ്പെട്ടതോടെയാണ് ഡോക്ടര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.

ഏപ്രില്‍ 13-നാണ് ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പ്രതികളുടെ മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫായിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായി.

 ഇതിനിടെ രണ്ടാംപ്രതിയുടെ ഫോണ്‍ ഓണ്‍ ആയതാണ് നിര്‍ണായകമായത്.
മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങളനുസരിച്ച് ഇയാള്‍ ഇടുക്കിയിലാണെന്നും തൃപ്പുണിത്തുറ ഭാഗത്തേക്ക് സഞ്ചരിക്കുകയാണെന്നും പോലീസിന് വ്യക്തമായി. 

തുടര്‍ന്ന് പ്രതികള്‍ തൃപ്പുണിത്തുറയില്‍ എത്തിയതോടെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇടുക്കി സ്വദേശിയായ അമീന്‍ വൈറ്റിലയിലെ ഓട്ടോഡ്രൈവറാണ്. മൂന്നുമാസം മുന്‍പാണ് യാത്രക്കാരിയായെത്തിയ നസ്രിയയും അമീനും പരിചയപ്പെട്ടത്. 

തുടര്‍ന്ന് ഇരുവരും തമ്മില്‍ സൗഹൃദത്തിലാവുകയും ഹണിട്രാപ്പ് പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു. പ്രതികള്‍ കൂടുതല്‍പേരെ കെണിയില്‍പ്പെടുത്തിയോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.


Previous Post Next Post