ഇന്ത്യയിൽ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി മിസോറാമിനെ തിരഞ്ഞെടുത്തു. ഗുരുഗ്രാം മാനേജ്മെന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസർ നടത്തിയ പഠനത്തിലാണ് മിസോറാം ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി കണ്ടെത്തിയത്. വിവിധ ഘടകങ്ങൾ പരിഗണിച്ചതിനുശേഷമാണ് പട്ടിക രൂപീകരിച്ചത്. രാജ്യത്ത് 100 ശതമാനം സാക്ഷരത നേടിയിട്ടുള്ള രണ്ടാമത്തെ സംസ്ഥാനമാണ് മിസോറാം.
കുടുംബബന്ധം, ജോലി സംബന്ധമായ പ്രശ്നങ്ങൾ, സാമൂഹ്യ പ്രശ്നങ്ങൾ, ജീവകാരുണ്യ പ്രവർത്തനം, മതം, സന്തോഷത്തിലും ശാരീരിക- മാനസികാരോഗ്യത്തിലുമുള്ള കോവിഡിന്റെ പ്രത്യാഘാതം തുടങ്ങിയ 6 മാനദണ്ഡങ്ങൾ വിലയിരുത്തിയതിനുശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. അതേസമയം, മിസോറാമിലെ സാമൂഹ്യ അന്തരീക്ഷവും സന്തോഷത്തിന് കാരണമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ലിംഗ വ്യത്യാസമില്ലാതെ എല്ലാ കുട്ടികളെയും ഒരുപോലെ പരിഗണിക്കുന്നു എന്നതും മിസോറാമിന്റെ ശ്രദ്ധേയമായ സവിശേഷതയാണ്.