കുവൈത്ത് സിറ്റി : ,കുവൈത്തിൽ നിലവിലെ പാർലമെന്റ് പിരിച്ചു വിട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 107 അനുസരിച്ച് 2020ലെ ദേശീയ അസംബ്ലി പിരിച്ചുവിട്ടതായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ആണ് അറിയിച്ചത്. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ പ്രതിനിധാനം ചെയ്ത് കിരീടാവകാശി നടത്തിയ റമദാൻ പ്രസംഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ രണ്ട് മാസത്തിനകം രാജ്യത്ത് വീണ്ടും ഒരു പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കും.എക്സിക്യൂട്ടിവ്, ലെജിസ്ലേറ്റിവ് അധികാരികളുടെ അധികാര ദുരുപയോഗം ഒഴിവാക്കാനും നിഷ്പക്ഷതയും സുതാര്യതയും ഉറപ്പാക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. രാജ്യത്തെ നിയമപരവും രാഷ്ട്രീയവുമായ ചില പരിഷ്കാരങ്ങൾക്കൊപ്പം ഒരു പുതിയ തെരഞ്ഞെടുപ്പ് ആവശ്യമാണ്. ജനങ്ങളുടെ താൽപര്യം കണക്കിലെടുത്താണ് തീരുമാനമെന്നും കിരീടാവകാശി വ്യക്തമാക്കി. 2022 ഒക്ടോബറിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് അസാധുവാക്കുകയും 2020 ലെ പാർലമെന്റ് പുനസ്ഥാപിക്കുകയും ചെയ്ത് കൊണ്ട് കഴിഞ്ഞ മാസം ഭരണ ഘടനാ കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഇപ്പോഴത്തെ പാർലമെന്റ് വീണ്ടും നിലവിൽ വന്നത്. ഭരണഘടന കോടതി വിധി വന്നതോടെ നിലവിലുള്ള എം.പിമാർ ദേശീയ അസംബ്ലിയിൽനിന്ന് പുറത്താകുകയും പിരിച്ചുവിട്ട സഭയിലെ അംഗങ്ങൾ വീണ്ടും ജനപ്രതിനിധികളെന്ന നിലയിൽ സഭയിൽ എത്തുകയും ചെയ്തിരുന്നു.
കുവൈത്ത് പാർലമെന്റ് പിരിച്ചുവിട്ടു; വീണ്ടും പൊതു തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം
Jowan Madhumala
0
Tags
Top Stories